വയനാട് : വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഫെയ്സ്ബുക്ക് കുറിപ്പുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. വയനാട്ടിലുണ്ടായ ദുരന്തം വർഷങ്ങൾക്ക് മുമ്പേ നമുക്ക് പറഞ്ഞുതന്ന ഒരു മനുഷ്യനുണ്ടെന്നും സംഭവിക്കാൻ പോകുന്ന വലിയ ദുരന്തങ്ങളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ അദ്ദേഹം അധികാരികൾക്ക് കൈമാറിയിരുന്നുവെന്നും അഭിലാഷ് പിള്ള ഫെയ്സ്ബുക്കിൽ കുറിച്ചു. മാധവ് ഗാഡ്ഗിലിനെ കുറിച്ചായിരുന്നു അഭിലാഷ് പിള്ളയുടെ വാക്കുകൾ.
‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയും വാർത്താ ചാനലുകളുമെല്ലാം വയനാട്ടിൽ സംഭവിച്ച ദുരന്തം എത്രത്തോളം വലുതാണെന്ന് നമുക്ക് കാണിച്ചു തന്നു. പക്ഷെ, ഈ ഒരു അപകടത്തെ വർഷങ്ങൾക്ക് മുമ്പ് തന്നെ നമുക്ക് പറഞ്ഞ് തന്ന ഒരു മനുഷ്യനുണ്ട്. മാധവ് ഗാഡ്ഗിൽ, കൃത്യമായി പറഞ്ഞാൽ 2011 ഓഗസ്റ്റ് 31-ന് ഇന്ത്യ ഗവൺമെന്റിന് മുന്നിൽ അദ്ദേഹം സമർപ്പിച്ച റിപ്പോർട്ടിലുണ്ടായിരുന്നു വർഷങ്ങൾക്ക് ശേഷം സംഭവിക്കാൻ പോകുന്ന വലിയ ദുരന്തങ്ങളെ പറ്റിയുള്ള കൃത്യമായ വിവരങ്ങൾ’.
‘വയനാട് പോലെയുള്ള പ്രദേശങ്ങളിൽ വലിയ രീതിയിലുള്ള ബിൽഡിംഗ് പണികൾ ചെയ്യുന്നത് അപകടമാണ് എന്ന് പറഞ്ഞ ആ റിപ്പോർട്ടിനെ കാറ്റിൽ പറത്തികൊണ്ട് കഴിഞ്ഞ 13 വർഷത്തിനുള്ളിൽ എത്ര പുതിയ റിസോർട്ടുകൾ വയനാട്ടിൽ ഉയർന്നു. 300-ൽ പരം ആളുകളുടെ ജീവനും 13 വർഷവും വേണ്ടി വന്നു ആ റിപ്പോർട്ട് ശരിയായിരുന്നു എന്ന് സർക്കാരുകൾക്ക് വിശ്വാസം വരാൻ. ഇനി പറയാൻ പോകുന്നത് ഇവിടുത്തെ മാറി മാറി വരുന്ന സർക്കാരുകൾക്ക് ക്ലിഷേ കാര്യമായി തോന്നുമെങ്കിലും പറയുന്നു… ബ്രിട്ടീഷ് കാലത്ത് പണിഞ്ഞ മുല്ലപ്പെരിയാർ ഡാം അവർ പറഞ്ഞ കാലാവധിയും കഴിഞ്ഞ് വർഷങ്ങളായി’.
‘ചോദ്യം ചെയ്യുവല്ല… അപേക്ഷിക്കുവാണ് ഇനിയെങ്കിലും ഡാം ഡീകമ്മിഷൻ ചെയ്തു പുതിയ ഡാം പണിഞ്ഞ് ജനങ്ങളുടെ ജീവൻ സംരക്ഷിക്കുക, അല്ലേൽ ഇതിലും വലിയ മനുഷ്യ നിർമിത പ്രകൃതി ദുരന്തതിന് നമ്മൾ സാക്ഷി ആകേണ്ടി വരും’-അഭിലാഷ് പിള്ള ഫെയ്സ്ബുക്കിൽ കുറിച്ചു.