പത്തനംതിട്ട: വയനാട്ടിലെ ഉരുൾപൊട്ടൽ സൃഷ്ടിച്ച ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ദുരിതബാധിതർക്ക് സ്വന്തം ഭൂമി വിട്ടുനൽകാനൊരുങ്ങി പത്തനംതിട്ട സ്വദേശി. ആരോരുമില്ലാത്ത കുഞ്ഞുങ്ങൾക്കും ഒറ്റപ്പെട്ടുപോയ പ്രായംചെന്ന ആളുകൾക്കുമാണ് പത്തനംതിട്ട സ്വദേശിയായ ഷിബു തന്റെ ഒരേക്കർ ഭൂമി നൽകുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
‘എന്റെ ഒരേക്കർ ഭൂമി വയനാട്ടിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്കും ആരോരുമില്ലാത്ത മാതാപിതാക്കൾക്കും വേണ്ടി നൽകുമെന്ന് ഷിബു പ്രതികരിച്ചു. ഒറ്റപ്പെട്ട് പോയ അവർ ഒരുമിച്ച് ഇവിടേക്ക് വരുമ്പോൾ തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലാതെ മുന്നോട്ട് പോകാനാകും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അനുഭവത്തിൽ നിന്ന് തന്നെ ഒരുപാട് പാഠങ്ങൾ പഠിച്ചവരാണ് അവർ. അതിനാൽ വേർപിരിയാതെ ഒരുമിച്ച് ജീവിക്കാൻ അവർക്കാകും’.
‘സംഘടനകളിലാണ് എനിക്ക് വിശ്വാസം. സർക്കാരിനെ ഏൽപ്പിച്ച് കഴിഞ്ഞാൽ കൃത്യമായ ഇടപെടൽ ഉണ്ടാകില്ലെന്ന് എനിക്കറിയാം. മറ്റൊരു ചിന്താഗതിയോടെയും പറയുന്നതല്ല. സർക്കാരിന് നൽകിയാൽ പ്രാവർത്തികമാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. പേപ്പർ വർക്കുകൾ നടക്കുകയേ ഉള്ളൂ. അതുകൊണ്ട് തന്നെ മത- രാഷ്‌ട്രീയ സംഘടനകളെ ഏൽപ്പിക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്’.
ആര് ഏറ്റെടുത്താലും തനിക്കും കുടുംബത്തിനും അവരുമായി ബന്ധപ്പെടാനുള്ള സംവിധാനം ഉണ്ടാവണം. ആ സംഘടനകൾ ഇത് ദുർവിനിയോഗം ചെയ്യുകയാണെങ്കിൽ അതിൽ ഇടപെടാനുള്ള അവകാശം തനിക്കും കുടുംബത്തിനും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.















