ആലുവ: മൂകാംബികാദർശനം കഴിഞ്ഞു മടങ്ങിയ ആലുവ സ്വദേശിയെ മംഗലാപുരം ബസ് സ്റ്റാൻഡിൽ അടിച്ചവശനാക്കി കൊള്ളയടിച്ചതായി പരാതി. രണ്ട് മലയാളികൾ ചേർന്ന് കൊള്ളയടിച്ച് മർദ്ദിച്ച് വഴിയിൽ തള്ളുകയായിരുന്നു. ആലുവ സഹൃദയപുരം മൗണ്ടപാടത്ത് വീട്ടിൽ ഷിബു (46) നെയാണ് കൊള്ളയടിച്ചത്.
രണ്ട് പവന്റെ മാല, ഒരു പവൻ കൈചെയിൻ, അര പവന്റെ മോതിരം, സ്മാർട്ട് വാച്ച്, 20,000 രൂപയും എ.ടി.എം, പാൻ കാർഡുകളും സൂക്ഷിച്ചിരുന്ന പേഴ്സ് എന്നിവയാണ് നഷ്ടമായത്. ജൂലൈ 27ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും , 28 ന് ഉഡുപ്പിയിലും ദർശനം നടത്തി മടങ്ങവേയാണ് സംഭവം.
രാത്രി ഒമ്പത് മണിയോടെ മംഗലാപുരം ബസ് സ്റ്റാൻഡിലെത്തി . ഒരു മണിക്ക് കോട്ടയം ബസുണ്ടെന്ന് അറിഞ്ഞതിനെ തുടർന്ന് സ്റ്റാൻഡിൽ വിശ്രമിക്കുകയായിരുന്നു. അപ്പോൾ മലയാളികളായ രണ്ട് യുവാക്കളെത്തി പരിചയപ്പെട്ടു. അവരും കോട്ടയത്തേയ്‌ക്കാണെന്നാണ് പറഞ്ഞത്. അവര്‍ വാങ്ങിനല്‍കിയ കട്ടന്‍ചായ കുടിച്ചു. തുടര്‍ന്ന് ഛര്‍ദി അനുഭവപ്പെട്ടു. ഈ സമയം അവര്‍ നല്‍കിയ പാനീയം കഴിച്ചപ്പോള്‍ അബോധാവസ്ഥയിലായി. ഇടയ്‌ക്ക് ഓര്‍മ്മവരുമ്പോള്‍ ഒരു കെട്ടിടത്തിലായിരുന്നു. ഇതിനിടയിലാണ് മര്‍ദിച്ചത്. ദേഹമാസകലം മുറിവും ചതവുമേറ്റിട്ടുണ്ട്.
29ന് പുലർച്ചെ അടിവസ്ത്രം മാത്രം ധരിച്ച നിലയിൽ ബസ് സ്റ്റാൻഡിലെ ഒരു കടയ്‌ക്ക് മുമ്പിൽ കിടക്കുകയായിരുന്നു. മദ്യപിച്ച് കിടക്കുകയാണെന്ന ധാരണയിൽ കടയുടമയും മർദ്ദിച്ചു.
പിന്നീട് അതുവഴി വന്ന ഒരു യുവാവ് തന്റെ കൈവശമുണ്ടായിരുന്ന ട്രാക്ക് സ്യൂട്ടും 300 രൂപയും നൽകി.തുടർന്ന് മംഗലാപുരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. അടുത്തദിവസം തീവണ്ടിമാര്‍ഗം നാട്ടിലേക്ക് മടങ്ങിയെത്തി. ഇന്നലെ (വെള്ളിയാഴ്ച)യാണ് ആലുവ റൂറല്‍ എസ്.പി ഓഫീസിൽ പരാതി നൽകിയത്.















