മേപ്പാടി: വയനാട്ടിൽ ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനം നടത്തുന്ന സൈന്യത്തിന് മൂന്നാം ക്ലാസുകാരൻ റയാന്റെ ബിഗ് സല്യൂട്ട്. നോട്ട്ബുക്കിൽ എഴുതിയ കുറിപ്പിലാണ് സൈന്യത്തിന്റെ രക്ഷാപ്രവർത്തനത്തെ റയാൻ അഭിനന്ദിച്ചത്. റയാന്റെ കുറിപ്പ് സൈന്യവും പങ്കുവെച്ചു.
“പ്രിയപ്പെട്ട ആർമി, ഞാൻ റയാൻ
വയനാട്ടിൽ ഉരുൾപൊട്ടലിൽ മണ്ണിന് അടിയിൽപെട്ടുപോയ കുറെ മനുഷ്യരെ നിങ്ങൾ രക്ഷിക്കുന്നത് കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി. നിങ്ങൾ ബിസ്‌ക്കറ്റും വെളളവും മാത്രം കഴിച്ച് പാലം നിർമിക്കുന്നത് വീഡിയോ കണ്ടപ്പോൾ അഭിമാനമായി. ഞാനും വലുതായിട്ട് ആർമിയാകും, നാടിനെ രക്ഷിക്കും
എന്ന്
റയാൻ”
ഇതായിരുന്നു റയാന്റെ വാക്കുകൾ. കുഞ്ഞ് പോരാളി എന്ന് സംബോധന ചെയ്ത് റയാന് നന്ദി പറഞ്ഞാണ് സൈന്യം പോസ്റ്റ് പങ്കുവെച്ചത്.
“നിങ്ങളുടെ ഹൃദയംതൊട്ട വാക്കുകൾ ഞങ്ങളെ ആഴത്തിൽ സ്പർശിച്ചു. ആപത് സമയത്ത് പ്രതീക്ഷയുടെ കിരണമാകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. താങ്കളുടെ കത്ത് ഞങ്ങളുടെ ലക്ഷ്യത്തെ ശരിവക്കുന്നു. താങ്കളെപ്പോലുളള ഹീറോസാണ് ഞങ്ങൾക്ക് ഏറ്റവും വലിയ പ്രചോദനം. നിങ്ങൾ യൂണിഫോം അണിഞ്ഞ് ഞങ്ങൾക്കൊപ്പം നിൽക്കുന്ന ദിവസത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഒരുമിച്ച് നമ്മുടെ രാജ്യത്തെ അഭിമാനത്തിലേക്ക് ഉയർത്താം.’ ഇതായിരുന്നു സൈന്യത്തിന്റെ മറുപടി.
Thank you, young warrior, for your courage and inspiration. ഇങ്ങനെയാണ് സൈന്യം റയാന് നന്ദി പറഞ്ഞ് അവസാനിപ്പിച്ചത്. സതേൺ കമാൻഡിന്റെ എക്‌സ് അക്കൗണ്ടിലാണ് റയാന്റെ അഭിനന്ദനക്കുറിപ്പും മറുപടിയും സൈന്യം പങ്കുവെച്ചത്.