ബെംഗളൂരു: ‘ബാച്ചിലർ പാർട്ടി’പകർപ്പവകാശ ലംഘന കേസിൽ കന്നഡ നടൻ രക്ഷിത് ഷെട്ടി വെള്ളിയാഴ്ച യശ്വന്ത്പൂർ പോലീസിന് മുന്നിൽ ഹാജരായി. ബാച്ചിലർ പാർട്ടി’ എന്ന സിനിമയിൽ രണ്ട് കന്നഡ ഗാനങ്ങൾ ആ ഗാനങ്ങളുടെ അവകാശമുള്ള ഓഡിയോ കമ്പനിയുടെ അനുമതിയില്ലാതെ ഉപയോഗിച്ചുവെന്നാരോപിച്ച് ഷെട്ടിയ്‌ക്കും അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനിയായ പരംവ സ്റ്റുഡിയോയ്‌ക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച് എംആർടി മ്യൂസിക്കിലെ നവീൻ ജൂൺ 24ന് യശ്വന്ത്പൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട നോട്ടീസ് ലഭിച്ചതിന് ശേഷമാണ് രക്ഷിത് ഷെട്ടി യശ്വന്ത്പൂർ പൊലീസ് സ്റ്റേഷനിൽ ഹാജരായത്.
“താൻ ഓഡിയോ കമ്പനി പ്രതിനിധികളുമായി സംസാരിച്ചെന്നും അവർ ഒരു തുക ആവശ്യപ്പെട്ടെന്നും അതിന് താൻ സമ്മതിച്ചില്ലെന്നും രക്ഷിത് ഷെട്ടി മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് രണ്ടുതവണ സംസാരിച്ചെങ്കിലും സിനിമ റിലീസ് ചെയ്തതിന് ശേഷം ചർച്ച ഫലവത്തായില്ല, മൂന്ന് മാസത്തിന് ശേഷം അവർ പരാതി നൽകി. പാട്ടുകൾ ആറ് സെക്കൻഡ് മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ എന്നതിനാൽ ഇത് പകർപ്പവകാശ നിയമത്തിന്റെ ലംഘനമായി കണക്കാകാനാകില്ല. സംവിധായകർക്കും നിർമ്മാതാക്കൾക്കും പകർപ്പവകാശ നിയമത്തെക്കുറിച്ച് വലിയ അറിവില്ല. ചില മ്യൂസിക് കമ്പനികൾ ഇത് മുതലെടുത്ത് സിനിമ റിലീസ് ചെയ്തതിന് ശേഷം കേസ് നൽകുന്നു. കേസ് കോടതിയിൽ നേരിടാൻ പരംവ സ്റ്റുഡിയോസ് തീരുമാനിച്ചു, ”മാധ്യമപ്രവർത്തകരോട് സംസാരിച്ച ഷെട്ടി പറഞ്ഞു.















