വയനാട്: ഉരുളെടുത്ത മനുഷ്യർക്കായുള്ള തെരച്ചിൽ അഞ്ചാം നാൾ പിന്നിടുമ്പോൾ ചാലിയാർ പുഴയുടെ തീരത്ത് നിന്ന് വീണ്ടും മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും കണ്ടെടുത്ത് രക്ഷാപ്രവർത്തകർ. ഇന്ന് മാത്രമായി മൂന്ന് മൃതദേഹങ്ങളും 13 ശരീരാവശിഷ്ടങ്ങളുമാണ് മലപ്പുറം ചാലിയാർ ഭാഗത്ത് നിന്ന് കണ്ടെടുത്തത്. ഇവ നിലമ്പൂർ ആശുപത്രിയിൽ നിന്ന് വയനാട്ടിലേക്ക് കൊണ്ടുപോയതായി അധികൃതർ പറഞ്ഞു.
ഇന്ന് ആകെ 14 മൃതദേഹങ്ങൾ ദുരന്ത പ്രദേശത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും ചാലിയാറിന്റെ കോഴിക്കോട്, മലപ്പുറം ജില്ലകളുടെ ഭാഗങ്ങളിൽ പരിശോധന നടത്തുമെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു.
അഞ്ച് ദിവസങ്ങളിലായി മലപ്പുറത്ത് ചാലിയാറിൽ നിന്നും 73 മൃതദേഹങ്ങളും 132 ശരീര ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 37 പുരുഷൻമാർ, 29 സ്ത്രീകൾ, 7 കുട്ടികളും ഉൾപ്പെടുന്നു. അതേസമയം ഉരുൾപൊട്ടലിൽ 365 പേർ മരിച്ചെന്നാണ് അനൗദ്യോഗികമായി പുറത്തു വരുന്ന കണക്കുകൾ. അഞ്ചാം ദിനം പിന്നിടുമ്പോൾ ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചതായും അധികൃതർ അറിയിച്ചു.















