ന്യൂഡൽഹി: രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ഗവർണർമാരുടെ സമ്മേളനത്തിൻ വയനാട് ദുരന്തത്തെ കുറിച്ചാണ് സംസാരിച്ചതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാവരും വയനാടിനൊപ്പം നിൽക്കേണ്ട സമയമാണിതെന്നും ജില്ലാ ഭരണകൂടം വഴിയോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെയോ സഹായം എത്തിക്കാമെന്നും ഗവർണർ പറഞ്ഞു. ഡൽഹിയിൽ നടന്ന സമ്മേളത്തിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“സമ്മേളനത്തിൻ 10 മിനിറ്റിൽ കൂടുതൽ സംസാരിച്ചു. അതിൽ ആറ് മിനിറ്റും വയനാട് ദുരന്തത്തെ കുറിച്ച് മാത്രമാണ് സംസാരിച്ചത്. എല്ലാവരുടെ പിന്തുണയും വയനാടിനൊപ്പമുണ്ട്. സമ്മേളത്തിൽ പങ്കെടുത്ത എല്ലാവരും വയനാടിനെ സഹായിക്കുന്നതിന് വേണ്ടി എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ട്. എന്തെല്ലാം ചെയ്യാൻ സാധിക്കും അതെല്ലാം ചെയ്യണമെന്ന് എല്ലാ ഗവർണർമാരും കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു”.
ആയിരത്തോളം രക്ഷാപ്രവർത്തകർ സ്ഥലത്തുണ്ട്. എല്ലാ ധനസഹായങ്ങളും എല്ലാവരും ചെയ്യുകയാണ്. കൂടുതൽ സഹായം എത്തിക്കാനാണ് താൻ ശ്രമിക്കുന്നത്. സന്ദർശിക്കുന്ന ഇടങ്ങളിലൊക്കെ വയനാടിനെ കുറിച്ചാണ് സംസാരിക്കുന്നതെന്നും ഗവർണർ പറഞ്ഞു.