തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകർക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം. രണ്ട് പേർക്ക് വെട്ടേറ്റു. വട്ടിയൂർകാവിന് സമീപം തിട്ടമംഗലത്താണ് സംഭവം. ശ്രീരാഗ്, ശ്രീജിത് എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തലയ്‌ക്ക് ഉൾപ്പെടെ പരിക്കുണ്ട്.
വൈകിട്ട് 6.50 ഓടെയായിരുന്നു സംഭവം. വട്ടിയൂർകാവ് കുന്നംപാറ സ്വദേശി ദിലീപിന്റെ നേതൃത്വത്തിലായിരുന്നു അക്രമം. കഞ്ചാവ്, ലഹരി മാഫിയകളുമായി ബന്ധമുളളവരാണ് ഇവരെന്ന് നാട്ടുകാർ പറയുന്നു. വാവ് ബലിയിട്ട് മടങ്ങിയവരോട് ഈ സംഘം മോശമായി പെരുമാറിയതാണ് സംഘർഷത്തിന്റെ തുടക്കം. തുടർന്നാണ് ആർഎസ്എസ് പ്രവർത്തകർക്ക് നേരെ അസഭ്യവർഷം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.
വൈകിട്ടോടെ കൂടുതൽ ഗുണ്ടകളുമായി വാഹനങ്ങളിലെത്തി ആർഎസ്എസ് പ്രവർത്തകരെ അക്രമിക്കുകയായിരുന്നു. വെട്ടുകത്തിയും വടിവാളും ഉൾപ്പെടെയുളള മാരകായുധങ്ങൾ ഉപയോഗിച്ചായിരുന്നു അക്രമം. കൊലക്കേസ് പ്രതികൾ വരെ അക്രമികളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.
നേരത്തെ കൊടുങ്ങാനൂർ ദേവീക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടും പ്രദേശത്ത് ഈ ലഹരി സംഘങ്ങളുമായി സംഘർഷം നിലനിന്നിരുന്നു. മുൻപ് സിപിഎം, ഡിവൈഎഫ്‌ഐ ബന്ധമുണ്ടായിരുന്നവരാണ് ഇവരിൽ ചിലർ. വട്ടിയൂർകാവ് പൊലീസ് പ്രദേശത്ത് നിരീക്ഷണം നടത്തുന്നുണ്ട്.