അമേരിക്കയുടെയും ജമൈക്കയുടെയും കുത്തക തകർത്ത് ഒളിമ്പിക്‌സിൽ പുതിയ വേഗറാണി. സെന്റ് ലൂസിയയുടെ ജൂലിയൻ ആൽഫ്രഡാണ് വനിതകളുടെ 100 മീറ്ററിലെ പുത്തൻതാരോദയം. 10.72 സെക്കൻഡിലാണ് താരം ഫിനിഷ് ചെയ്തത്. നിലവിലെ ലോകചാമ്പ്യൻ യുഎസിന്റെ ഷാകെറി റിച്ചാർഡ്‌സനെ (10.87 സെക്കൻഡ്) പിന്തള്ളിയാണ് ജൂലിയൻ ആൽഫ്രഡ് സെന്റ് ലൂസിയയ്‌ക്ക് ആദ്യ ഒളിമ്പിക്‌സ് മെഡൽ സമ്മാനിച്ചത്. യുഎസിന്റെ തന്നെ മെലിസ ജെഫേഴ്‌സനാണ് വെങ്കലം.
യുഎസ് താരം ഷാകെറിയും ജമൈക്കയുടെ ഷെല്ലി ആൻ ഫ്രേസറും തമ്മിലുള്ള മത്സരം പ്രതീക്ഷിച്ചിരുന്നവർക്ക് മുന്നിലേക്ക് മിന്നൽപിണർ പോലെ അപ്രതീക്ഷിതമായിട്ടായിരുന്നു ജൂലിയൻ കുതിച്ചുകയറിയത്.
സെമി ഫൈനൽ മത്സരത്തിന് മുമ്പ് ഷെല്ലി ആൻ ഫ്രേസർ പിൻമാറിയതോടെ എല്ലാവരുടെയും കണ്ണുകൾ ഷാകെറിയിലേക്കു മാത്രമായി. എന്നാൽ ആദ്യ സെമിഫൈനലിൽ ഷാകെറിയെ പിന്തള്ളി ഒന്നാമതെത്തിയ ജൂലിയൻ ആൽഫ്രഡ് വരാനിരിക്കുന്ന അട്ടിമറിയുടെ സൂചന നൽകി. ഫൈനലിന്റെ തുടക്കം മുതൽ ലീഡെടുത്താണ് ആൽഫ്രഡ് സ്വർണമണിഞ്ഞത്. കരിയറിലെ താരത്തിന്റെ ഏറ്റവും മികച്ച സമയമാണിത്.Julien Alfred