സേവാഭാരതി മാതൃകയിൽ പൊതുജനങ്ങൾക്ക് സൗജന്യ ആതുര സേവനങ്ങൾ ലഭ്യമാക്കാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ദേവസ്വം ബോർഡിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന പദ്ധതികളിലാണ് ഇതുൾപ്പെടുത്തിയിരിക്കുന്നത്. ഭക്തരുടെ താത്പര്യങ്ങളും സൗകര്യങ്ങളും ഉൾക്കൊണ്ടുളള പരിഷ്‌കാരങ്ങളാകും നടപ്പിലാക്കുകയെന്ന് ബോർഡ് അംഗം അഡ്വ. അജികുമാർ വ്യക്തമാക്കി.
മാനവസേവ എന്നാൽ മാധവ സേവ എന്നതാണെന്നും ആ നിലയ്‌ക്ക് ആരോഗ്യമേഖല കൂടി ശ്രദ്ധിക്കേണ്ട ഉത്തരവാദിത്വം ദേവസ്വം ബോർഡിനുണ്ടെന്നും അജികുമാർ പറഞ്ഞു. തുടക്കത്തിൽ മൂന്ന് ഡയാലിസിസ് കേന്ദ്രങ്ങൾ ആരംഭിക്കാനാണ് തീരുമാനം.
ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഡിജിറ്റൽ പണമിടപാടുകളൊരുക്കാനും തീരുമാനമായി. അഞ്ച് മാസങ്ങൾക്കകം ഗൂഗിൾ പേ മാതൃകയിൽ ഇതിനുളള സൗകര്യം ഒരുക്കും. സമ്പൂർണ കമ്പ്യൂട്ടർ വത്കരണവും നടപ്പാക്കും. ഐടി വിദഗ്ധനായ ഡോ. വിനോദ് ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിലായിരിക്കും ഇതിനുളള സംവിധാനങ്ങൾ ഒരുക്കുക. സമഗ്രമായ പരിഷ്‌കരണമാണ് ലക്ഷ്യമിടുന്നതെന്നും അജികുമാർ കൂട്ടിച്ചേർത്തു.
പ്ലാറ്റിനം ജൂബിലി വർഷത്തിൽ ശബരിമലയിലെത്തുന്ന ഭക്തർക്ക് ഒരു പരാതിയും ഉണ്ടാകാത്ത രീതിയിൽ സൗകര്യങ്ങൾ നടപ്പിലാക്കും. മണ്ഡല, മകരവിളക്ക് തീർത്ഥാടന കാലത്തുൾപ്പെടെ ഈ സൗകര്യങ്ങൾ ഒരുക്കും. ക്ഷേത്രങ്ങളുടെ ഒരുപാട് സ്ഥലങ്ങൾ പാഴ് ഭൂമിയായി കിടക്കുകയാണ്. ഇവിടെ വൃക്ഷങ്ങളും ചെടികളും വച്ചുപിടിപ്പിക്കും. ക്ഷേത്രങ്ങളിലേക്ക് ആവശ്യമായ പൂജാ പുഷ്പങ്ങളടക്കം ഇവിടെ നിന്നും ലഭ്യമാക്കുന്ന രീതിയിലുളള പദ്ധതിയാണ് നടപ്പിലാക്കുക..















