ന്യൂഡൽഹി: നിരോധിത ഭീകര സംഘടന പോപ്പുലർ ഫ്രണ്ടിനെതിരെ പൊലീസും കേന്ദ്ര ഏജൻസികളും ഫയൽ ചെയ്ത കേസുകളുടെ സ്ഥിതിഗതികൾ വിലയിരുത്തി ഇൻ്റലിജൻസ് ബ്യൂറോ (ഐബി). ഐബി വിളിച്ചു ചേർത്ത ചേർത്ത സ്റ്റാൻഡിംഗ് ഫോക്കസ് ഗ്രൂപ്പിന്റെയും (എസ്എഫ്ജി) പൊലീസിന്റെയും എൻഐഎയുടെയും യോഗത്തിൽ 2022 സെപ്റ്റംബർ മുതൽ ഫയൽ ചെയ്ത കേസുകളാണ് വിലയിരുത്തിയത്.
ജയിലിൽ കഴിയുന്ന പിഎഫ്ഐ ഭീകരരെ സന്ദർശിച്ചവരുടെ വിശദാംശങ്ങൾ, ഒളിവിൽ കഴിയുന്നവർ, രാജ്യം വിട്ടുപോയവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്തതാണ് വിവരം. ഭീകരരെ പാർപ്പിച്ചിരിക്കുന്ന സെല്ലുകളിൽ വെള്ളിയാഴ്ച ദിവസമുള്ള പ്രാർത്ഥനകൾ നിരീക്ഷിക്കുന്നുണ്ടോ, പിഎഫ്ഐ ഭീകരരെ അംഗങ്ങളോ മറ്റ് സംഘടനകളിലേക്ക് ചേക്കേറിട്ടുണ്ടോയെന്നും യോഗത്തിൽ ചർച്ച ചെയ്തതായാണ് വിവരം.
ഭീകരരെ സന്ദർശിക്കാൻ ജയിലിൽ എത്തിയവരുടെ വിശദാംശങ്ങൾ, എത്ര പേർക്ക് ജാമ്യം ലഭിച്ചു, എന്ത് കാരണത്താലാണ് ജാമ്യം നൽകിയത് എന്ന് തുടങ്ങിയുള്ള സുപ്രധാന വിവരങ്ങൾ പങ്കിടാൻ പൊലീസിന് ഐബി നിർദേശം നൽകി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ എൻഐഎ പിഎഫ്ഐയ്‌ക്കെതിരെ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തത്. തെളിവ് ശേഖരണത്തിന്റെ ഭാഗമായി ബിഹാർ, ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, തമിഴ്നാട്, കർണാടക, കേരള സംസ്ഥാനങ്ങളിൽ പരിശോധനകൾ നടത്തുകയും ചെയ്തിരുന്നു.
തീവ്രവാദ പ്രവർത്തനങ്ങൾക്ക് പദ്ധതിയിട്ടതിനും പരിശീലനം നൽകുകയും റിക്രൂട്ട് ചെയ്യുകയും ചെയ്തവരാണ് അറസ്റ്റിലായ പിഎഫ്ഐ ഭീകരരെന്ന് കേന്ദ്ര ഏജൻസി അംഗം പറഞ്ഞു. മതസ്പർധ വളർത്തുന്നതിനും അക്രമങ്ങൾ അഴിച്ചുവിടുന്നതിനും ഇത് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















