തിരുവനന്തപുരം: ഉരുൾപൊട്ടലിൽ അമ്മമാർ മരിച്ച കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ സന്നദ്ധത അറിയിച്ച ഫേസ്ബുക്ക് പോസ്റ്റിൽ അശ്ലീല കമന്റിട്ട സംഭവത്തിൽ സൈബർ ആക്രമണം നടന്നത് ആളുമാറി. കമന്റിട്ട ജോർജിന്റെ ചിത്രം എന്നപേരിൽ പ്രചരിക്കുന്നത് അരുവിക്കര സ്വദേശി വിശ്വാസിന്റേതാണ്. 2 ദിവസമായി വലിയ തോതിലുള്ള സൈബർ ആക്രമണമാണ് നിരപരാധിയായ വിശ്വാസ് നേരിട്ടത്. തനിക്ക് നേരിട്ട അപമാനത്തിനെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് അദ്ദേഹം.
ചിത്രകാരൻ കൂടിയാണ് വിശ്വാസ്. എക്സിബിഷനും തെരുവോര കച്ചവടവും നടത്തിയാണ് ഉപജീവനം നടത്തുന്നത്. എന്നാൽ അടുത്തിടെയുണ്ടായ വാഹനാപകടം വിശ്വാസിന്റെ ജീവിതം തകർത്തു. ചികിത്സയ്‌ക്ക് ധനസഹായം അഭ്യർത്ഥിച്ച് കേരള എക്സിബിഷൻ എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്ത ചിത്രമാണ് ആരോ തെറ്റായി വയനാട് സംഭവവുമായി ബന്ധപ്പെട്ട് പ്രചരിപ്പിച്ചത്.
കൈക്ക് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇയാളുടെ ചിത്രം ‘ജോർജിന് കിട്ടേണ്ടത് കിട്ടി’ എന്ന തലക്കെട്ടോടെയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അറിയാത്ത കാര്യത്തിനാണ് തന്നെ അപമാനിക്കുന്നത്. പേരുപറയാതെ ഫോട്ടോ മാത്രം വെച്ചുകൊണ്ട് മോശം പ്രചാരണം ഉണ്ടായി. സുഹൃത്തുക്കളും ബന്ധുക്കളും നിരന്തരം ഫോൺ വിളിച്ചുകൊണ്ടിരുന്നു. ചിലർ മോശമായി സംസാരിച്ചുവെന്നും വിശ്വാസ് പറയുന്നു.
പൊലീസ് സ്റ്റേഷനിൽ നേരിട്ട് പോയി പരാതി നല്കാൻ കഴിയാത്ത അവസ്ഥ ആയതിനാൽ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ ഫോൺ വിളിച്ച് പരാതി അറിയിച്ചിട്ടുണ്ടെന്നും വിശ്വാസ് പറഞ്ഞു. സംഭവത്തിലെ യഥാർത്ഥ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കെ ടി ജോർജ് എന്ന അക്കൗണ്ടിൽ നിന്നും കമന്റിട്ട പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി സുകേഷ് പി.മോഹനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.