സുരേഷ് ഗോപിയിലെ രാഷ്‌ട്രീയക്കാരനിൽ താൻ സന്തോഷവാനാണെന്ന് നടൻ അനൂപ് മേനോൻ. സുരേഷ് ഗോപിക്ക് ഒരുപാട് കാര്യങ്ങൾ സമൂഹത്തിനുവേണ്ടി ചെയ്യാൻ സാധിക്കുമെന്നും രാഷ്‌ട്രീയത്തിൽ നിന്നും പണം ഉണ്ടാക്കേണ്ട ഗതികേട് ഇല്ലെന്നും അനൂപ് മേനോൻ പറഞ്ഞു.
“നിർമ്മാതാവിന് സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടായപ്പോൾ ‘ഡോൾഫിൻ’ എന്ന സിനിമ നിന്നു പോകുമെന്നായി. ആ സമയത്ത് സുരേഷേട്ടൻ പത്തുലക്ഷം രൂപ തന്നു. അങ്ങനെയാണ് സിനിമ വീണ്ടും ആരംഭിച്ചത്. അതിനുശേഷം പ്രൊഡ്യൂസർ തന്നെ ആ പൈസ തിരികെ നൽകി. എനിക്ക് സുരേഷേട്ടൻ പണം തന്നു എന്ന് ചിലർ പറയുന്നുണ്ട്. അങ്ങനെയൊരു സാഹചര്യം ഇതുവരെ എനിക്ക് ഉണ്ടായിട്ടില്ല. ചോദിച്ചാൽ സുരേഷേട്ടൻ തരും. അദ്ദേഹം അത്രയ്‌ക്ക് നല്ലൊരു മനുഷ്യനാണ്. പക്ഷേ എനിക്ക് ചോദിക്കേണ്ടി വന്നിട്ടില്ല”.
“സുരേഷേട്ടനിലെ രാഷ്‌ട്രീയക്കാരനിലും ഞാൻ സന്തോഷവാനാണ്. അധികാരം കൂടി ലഭിക്കുമ്പോൾ ഒരുപാട് നല്ല കാര്യങ്ങൾ അദ്ദേഹത്തിന് ചെയ്യാൻ കഴിയും. അതിന് ഇന്ന രാഷ്‌ട്രീയ പാർട്ടി വേണമെന്ന് ഒന്നുമില്ല. എനിക്ക് മതവുമില്ല രാഷ്‌ട്രീയവുമില്ല. അധികാരം കൂടി ലഭിക്കുമ്പോൾ ഈ സമൂഹത്തിന് അദ്ദേഹം കൂടുതൽ പ്രയോജനമുള്ള ഒരാളായി മാറും. അത് ഉറപ്പാണ്. രാഷ്‌ട്രീയത്തിൽ നിന്നും പൈസയുണ്ടാക്കി അദ്ദേഹത്തിന് ഒരിടത്തും കൊണ്ടുപോകേണ്ട. ജാതിമതഭേദമന്യേ എല്ലാവരെയും സഹായിക്കുന്ന വ്യക്തിയാണ് സുരേഷേട്ടൻ”-അനൂപ് മേനോൻ പറഞ്ഞു.