കോഴിക്കോട് പെരുമണ്ണയിലെ മൂന്നാം ക്ലാസുകാരൻ റയാൻ സൈന്യത്തിന് എഴുതിയ കത്ത് സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. വയനാട്ടിൽ ദുരന്തഭൂമിയിൽ രക്ഷാദൗത്യത്തിലേർപ്പെടുന്ന സൈന്യത്തിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായിട്ടായിരുന്നു റയാൻ കത്തെഴുതിയത്. റയാന്റെ അഭിനന്ദക്കത്ത് ഔദ്യോഗിക എക്സ് പേജിൽ സൈന്യം പങ്കുവയ്‌ക്കുകയും ചെയ്തിരുന്നു.
കത്തെഴുതിയതിന് പിന്നാലെ റയാനെ കേരളം മുഴുവൻ അറിഞ്ഞു. തന്നെ തേടിയെത്തിയ മാദ്ധ്യമപ്രവർത്തകരോട് കുഞ്ഞുറയാൻ പറഞ്ഞ വാക്കുകളിങ്ങനെ.. “എനിക്ക് ആർമീനെ ഇഷ്ടാണ്, ടീവീലൊക്കെ ആർമീന്റെ വീഡിയോ കാണാറ്ണ്ട്. വലുതായിട്ട് ആർമിയാവണംന്നാണ് ആഗ്രഹം. ഒരുപാടിഷ്ടാണ്. “
സ്കൂളിൽ നിന്ന് ആവശ്യപ്പെട്ടതുപ്രകാരം എന്നും ഡയറി എഴുതുന്ന ശീലം റയാനുണ്ടായിരുന്നു. ഏതെങ്കിലും ഒരു അനുഭവത്തെക്കുറിച്ച് ദിവസവും ഡയറിയിൽ എഴുതുന്നതായിരുന്നു പതിവ്. വയനാട്ടിലെ പ്രശ്നങ്ങളും തോരാതെ പെയ്യുന്ന മഴയും അതുകാരണം ദുരിതത്തിലാവുന്നവരെക്കുറിച്ചുമെല്ലാം റയാൻ ഓരോദിവസവും ഡയറിയിൽ കുറിച്ചു. അതിനിടെയാണ് ആർമിയുടെ വീഡിയോ അപ്രതീക്ഷിതമായി റയാൻ കാണുന്നത്. വയനാട്ടിലെ ദുരന്തഭൂമിയിൽ വിശ്രമമില്ലാതെ തിരച്ചിലും രക്ഷാപ്രവർത്തനവും നടത്തുന്ന സൈനികരുടെ ദൃശ്യങ്ങൾ കണ്ടപ്പോൾ റയാന് അഭിമാനവും സ്നേഹവും തോന്നി. ആർമിയോട് തോന്നിയ ഇഷ്ടം കത്തിലൂടെ പങ്കുവയ്‌ക്കാൻ തീരുമാനിക്കുകയായിരുന്നു റയാൻ. ആർമി ഉദ്യോഗസ്ഥന്റെ പക്കലെത്തിയ കത്തിന്റെ ദൃശ്യം പിന്നീട് സതേൺ കമാൻഡിന്റെ എക്‌സ് അക്കൗണ്ടിൽ പങ്കുവയ്‌ക്കപ്പെടുകയായിരുന്നു
സോഷ്യൽമീഡിയയിൽ വൈറലായ റയാന്റെ കത്തിലെ വരികൾ..
“പ്രിയപ്പെട്ട ആർമി, ഞാൻ റയാൻ
വയനാട്ടിൽ ഉരുൾപൊട്ടലിൽ മണ്ണിന് അടിയിൽപെട്ടുപോയ കുറെ മനുഷ്യരെ നിങ്ങൾ രക്ഷിക്കുന്നത് കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി. നിങ്ങൾ ബിസ്‌ക്കറ്റും വെളളവും മാത്രം കഴിച്ച് പാലം നിർമിക്കുന്നത് വീഡിയോ കണ്ടപ്പോൾ അഭിമാനമായി. ഞാനും വലുതായിട്ട് ആർമിയാകും, നാടിനെ രക്ഷിക്കും
എന്ന്
റയാൻ”















