പ്രകൃതിയോടിണങ്ങി കഴിഞ്ഞ ഇടത്തെ പ്രകൃതി തന്നെ നശിപ്പിച്ചത് നിമിഷ നേരം കൊണ്ടായിരുന്നു. മുണ്ടക്കൈയെന്ന ഗ്രാമത്തെ ഉരുളെടുത്തപ്പോൾ ജീവൻപൊലിഞ്ഞത് നിരവധി പേർക്ക്. ആര് എന്ത് എന്നറിയാത്തവർക്ക് പോലും ഇന്ന് ഒരുമിച്ച് ആറടി മണ്ണിൽ ഇടം ഒരുക്കി ഉറ്റവരെ ചേർത്തുപിടിച്ച് സേവാഭാരതിയും.
വയനാട് ദുരന്തത്തിൽ സ്വർഗീയ സഹോദരങ്ങളുടെ സംസ്‌കാര കർമ്മം നടത്തിയ സേവാഭാരതി, ചിതാഭസ്മം ബന്ധുക്കൾക്ക് കൈമാറി. കണ്ണീരോടെ വയനാട് നിൽക്കുമ്പോൾ ഉറ്റവരെ നഷ്ടപ്പെട്ട ദുരിത ബാധിതരെ എന്നും ചേർത്തു നിർത്തുമെന്ന് സേവാഭാരതി പറഞ്ഞു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സേവഭാരതിയുടെ പ്രവർത്തകരാണ് വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കുചേരുന്നത്. വുഡ് കട്ടർ, കോൺക്രീറ്റ് കട്ടർ തുടങ്ങി സർവ്വവിധ സന്നാഹങ്ങളോടെയാണ് ദുരന്ത മേഖലയിൽ സേവാഭാരതി പ്രവർത്തിക്കുന്നത്. മികച്ച പരിശീലനം ലഭിച്ച പ്രവർത്തകർ പൊലീസിനും സൈന്യത്തിനും വേണ്ട സഹായങ്ങൾ നൽകുമെന്നും ഒറ്റക്കെട്ടായി വയനാട്ടിലെ ദുരന്തത്തെ നേരിടുമെന്നും സേവാഭാരതി പ്രവർത്തകർ പറഞ്ഞു.















