കൊൽക്കത്ത: പശ്ചിമ ബംഗാളിലെ അദ്ധ്യാപക നിയമന അഴിമതി കേസിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി). തൃണമൂൽ നേതാവ് ജിബൻ കൃഷ്ണ സാഹയെയാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. നാളെ രാവിലെ 11 മണിയ്‌ക്ക് കൊൽക്കത്തയിലെ ഇഡി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.
അദ്ധ്യാപക നിയമന തട്ടിപ്പ് നടന്നതുമായി ബന്ധപ്പെട്ട് ഇയാളെ കഴിഞ്ഞ വർഷം ഏപ്രിലിൽ ഇഡി അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു. കോടികളുടെ തട്ടിപ്പാണ് നടന്നതെന്ന് ഇഡി അന്വേഷണത്തിൽ കണ്ടെത്തി.
2022 ജൂലൈയിലാണ് അദ്ധ്യാപക നിയമന തട്ടിപ്പ് നടന്നത്. തട്ടിപ്പിൽ പങ്കുണ്ടെന്ന് ആരോപിച്ച് മുൻ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജിയെയും പശ്ചിമ ബംഗാൾ സ്കൂൾ സർവീസ് കമ്മീഷനിലെ ഉദ്യോഗസ്ഥരെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസിന്റെ ചുരുളഴിയുന്നത്. തുടർന്ന് പാർത്ഥ ചാറ്റർജിയുമായി ബന്ധപ്പെട്ട കെട്ടിടങ്ങളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു.
പരിശോധനയിൽ ചാറ്റർജിയുടെ അടുത്ത സുഹൃത്ത് അർപിത മുഖർജിയുടെ വസതിയിൽ നിന്ന് 21 കോടി രൂപയും ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന ആഭരണങ്ങളും ഇഡി കണ്ടെടുത്തിരുന്നു. ഇതോടെ സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഗ്രൂപ്പ് സി,ഡി ജീവനക്കാരുടെയും അദ്ധ്യാപകരുടെയും നിയമനത്തെ കുറിച്ച് സിബിഐയും ഇഡിയും വിശദമായ അന്വേഷണം നടത്തിവരികയാണ്.















