കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്ന ആവശ്യമല്ല പ്രധാനമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. എല്ലാം നഷ്ടപ്പെട്ട പാവങ്ങൾക്ക് എന്ത് ചെയ്തു കൊടുക്കാൻ കഴിയും എന്നതിലാണ് ശ്രദ്ധിക്കേണ്ടത്. ‘പുനരധിവാസ പ്രവർത്തനങ്ങൾ എങ്ങനെ നടത്തണം, ആരോഗ്യം, തൊഴിൽ, ദുരിതത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെ മുന്നോട്ടുള്ള ജീവിതം’ എന്നതൊക്കെയാണ് നോക്കേണ്ടത്. വ്യക്തമായ പദ്ധതികൾ തയ്യാറാക്കണം. ഇതിനെല്ലാം കഠിനാധ്വാനം ആവശ്യമാണ്. ഇത്തരത്തിലുള്ള ദുരന്തങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ എന്തെല്ലാം ചെയ്യണമെന്ന് ചിന്തിക്കണമെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.
“കേരളത്തിലെ പ്രശ്നം ഇച്ഛാശക്തി ഇല്ല എന്നുള്ളതാണ്. ഇച്ഛാശക്തി ഉണ്ടായിരുന്നെങ്കിൽ മുന്നറിയിപ്പുകൾ ചെവികൊണ്ട് അതിന് ആവശ്യമായിട്ടുള്ള മുൻകരുതലുകൾ എടുത്തേനെ. രാഷ്‌ട്രീയം കളിക്കുന്നതിന് പകരം എല്ലാം നഷ്ടപ്പെട്ട മനുഷ്യർക്ക് ഇനി ഒരു ജീവിതം എങ്ങനെയുണ്ടാക്കി കൊടുക്കാൻ കഴിയും എന്നതിനെ കുറിച്ചാണ് സർക്കാർ ചിന്തിക്കേണ്ടത്. അതിനുവേണ്ടി ശ്രമിക്കണം. എന്തെങ്കിലും പറഞ്ഞ് തടി തപ്പുന്നത് ഈ മനുഷ്യരോട് ചെയ്യുന്ന ദ്രോഹമാണ്”.
“ഒരു നാടിനെ പുനരുജീവിപ്പിക്കുക എന്നതാണ് ആവശ്യം. അതിന് ഇവിടുത്തെ മന്ത്രിമാർ എല്ലാം ചേർന്ന് സമഗ്രമായ ഒരു പദ്ധതി ഉണ്ടാക്കണം. എല്ലാ രാഷ്‌ട്രീയകക്ഷികളെയും എന്തുകൊണ്ട് വിളിച്ചുകൂട്ടുന്നില്ല. അവരെ ഒരുമിച്ചിരുത്തി ഒരു പരിഹാരം കണ്ടെത്താൻ എന്തുകൊണ്ട് കഴിയുന്നില്ല. പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ എന്തും സംഭവിക്കാം. അങ്ങനെയുള്ള പ്രദേശങ്ങളിൽ അതിനാവശ്യമായ നടപടികൾ കൈക്കൊള്ളണം. ഉത്തരം പ്രദേശങ്ങളിൽ പ്രത്യേകമായി ശ്രദ്ധ കൊടുക്കണം”-കുമ്മനം രാജശേഖരൻ പറഞ്ഞു.















