തിരുവനന്തപുരം: ജില്ലയിൽ അമീബിക്ക് മസ്തിഷ്ക ജ്വരം പിടിപ്പെട്ടതായി സംശയം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന് മരിച്ച യുവാവിന് രോഗം ബാധിച്ചിരുന്നതായാണ് സംശയിക്കുന്നത്. സമാന രോഗ ലക്ഷണങ്ങളോടെ മറ്റൊരു യുവാവും ചികിത്സയിൽ കഴിയുന്നുണ്ട്. ഇതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്.
കഴിഞ്ഞ മാസം 23-നാണ് ചികിത്സയിലിരിക്കെ യുവാവ് മരിച്ചത്. നിലവിൽ ചികിത്സയിലുള്ള യുവാവിന്റെ സാമ്പിളുകൾ നാളെ പരിശോധനയ്‌ക്ക് അയക്കും. ഇരുവരും നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശികളാണ്. സുഹൃത്തുക്കളായ ഇവർ കുളിച്ച ജലാശയം ആരോഗ്യവകുപ്പ് അടച്ചിട്ടുണ്ട്. ചികിത്സയിൽ കഴിയുന്ന യുവാവിന്റെ പ്രാഥമിക ഫലം പോസിറ്റീവാണ്.
കഴിഞ്ഞ ദിവസം കോഴിക്കോടുള്ള നാല് വയസുകാരന് മസ്തിഷ്ക ജ്വരം ബാധിച്ചിരുന്നു. കാരപ്പറമ്പ് സ്വദേശിയായ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായതോടെ കുട്ടിയെ ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.















