ലേഡി സൂപ്പർസ്റ്റാർ എന്ന വാക്കുപയോഗിച്ച് തന്നെ അഭിസംബോധന ചെയ്യുന്നത് അപമാനമായാണ് തോന്നുന്നതെന്ന് നടി മഞ്ജു വാര്യർ. ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇത്തരത്തിൽ പ്രതികരിച്ചത്. ലേഡി സൂപ്പർസ്റ്റാർ എന്ന് അവതാരക വിശേഷിപ്പിച്ചപ്പോഴായിരുന്നു മഞ്ജു വാര്യറുടെ മറുപടി.
വളരെയധികം അമിതോപയോഗം ചെയ്ത പദമാണത്. അവരവരുടേതായ നിർവചനം നൽകി, ആവശ്യമില്ലാത്ത ചർച്ചകളാണ് അതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. അതുകൊണ്ട് ലേഡി സൂപ്പർസ്റ്റാർ എന്ന് തന്നെ വിളിക്കരുതെന്നും ആ വിഷയത്തെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ പോലും താത്പര്യമില്ലെന്നും മഞ്ജു വാര്യർ വ്യക്തമാക്കി. ജനങ്ങളുടെ സ്നേഹം മാത്രം മതി, അല്ലാതെ വേറെ ടൈറ്റിലുകൾ ഒന്നും വേണ്ടെന്നും നടി പറഞ്ഞു.
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന് മഞ്ജു വാര്യരെ പലരും വിശേഷിപ്പിച്ചിട്ടുണ്ട്. ആരാധകർ പലരും നടിയെ ഇത്തരത്തിലായിരുന്നു അഭിസംബോധന ചെയ്തിരുന്നത്. എന്നാൽ യഥാർത്ഥ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ അല്ലെന്നും അത് നടി ഉർവ്വശിക്ക് അർഹമായ വിശേഷണമാണെന്നുമുള്ള തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയർന്നിരുന്നു. തുടർന്ന് മഞ്ജു വാര്യരെ പരിഹസിച്ചും അപഹസിച്ചും പോസ്റ്റുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. താൻ ലേഡി സൂപ്പർസ്റ്റാറാണെന്ന് മഞ്ജു വാര്യർ എവിടെയും അവകാശപ്പെട്ടിട്ടില്ലെങ്കിലും താരത്തിനെതിരെ ഉയരുന്ന വിമർശനങ്ങൾ അനവധിയായിരുന്നു. ഈയൊരു സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അഭിമുഖത്തിനിടെ അവതാരക ലേഡി സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിച്ചപ്പോൾ താരം അതിനെ എതിർത്തത്.















