ന്യൂഡൽഹി: വഖഫ് ബോർഡിന്റെ അധികാരങ്ങളിൽ ഭേദഗതികൾ വരുത്തി പുതിയ നിയമം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച ബിൽ തിങ്കളാഴ്ച പാർലമെന്റിൽ അവതരിപ്പിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. വഖഫ് ബോർഡ് നിയമങ്ങളിൽ 40-ഓളം ഭേദഗതികൾ വരുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. വഖഫ് ബോർഡിൽ സ്ത്രീകളുടെ പ്രാതിനിധ്യം കൂടി ഉറപ്പാക്കുന്നതായിരിക്കും പുതിയ ബില്ലെന്നാണ് വിവരം.
വഖഫ് ബോർഡിൽ സ്ത്രീകളെ കൂടി ഉൾപ്പെടുത്തണമെന്ന നിയമഭേദഗതി യാഥാർത്ഥ്യമായാൽ ചരിത്രത്തിലിടം പിടിക്കുന്ന ചുവടുവയ്പ്പാകുമെന്നതിൽ സംശയമില്ല. നിലവിൽ വഖഫ് ബോർഡിലോ കൗൺസിലുകളിലോ സ്ത്രീകൾ അംഗങ്ങളല്ല. ഇസ്ലാമിക മതസ്ഥാപനങ്ങളും മസ്ജിദുകളും സംരക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന വഖഫ് ബോർഡുകളിൽ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കാനാണ് നിയമത്തിൽ ഭേദഗതി വരുത്തുന്നത്.
സമൂഹത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന വിഭാഗങ്ങളിലൊന്നാണ് മുസ്ലീം സ്ത്രീകളും കുട്ടികളും. ഒരു മുസ്ലീം സ്ത്രീ വിവാഹമോചനം നേടിയാൽ അവൾക്കും അവളുടെ മക്കൾക്കും അവകാശം ലഭിക്കുന്നതിന് പോലും നിയന്ത്രണങ്ങളുണ്ട്. പുതിയ ബിൽ അനുസരിച്ച് ഓരോ സംസ്ഥാനങ്ങളുടെ വഖഫ് ബോർഡിലും കേന്ദ്രകൗൺസിലിലും രണ്ട് സ്ത്രീകൾ വീതം ഉണ്ടാകുമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. വഖഫ് ബോർഡിന്റേതായി പ്രഖ്യാപിക്കുന്നതിന് മുൻപ് സ്വത്ത്/ഭൂമി കൃത്യമായ പരിശോധനകൾക്ക് വിധേയമാക്കണമെന്ന നിബന്ധനയും പുതിയ ബില്ലിൽ ഉണ്ടാകുന്നതാണ്.
വഖഫ് ഭൂമി തട്ടിയെടുക്കാനുള്ള കേന്ദ്രസർക്കാരിന്റെ ഗൂഢതന്ത്രമാണ് വഖഫ് നിയമങ്ങളുടെ പരിഷ്കരണമെന്നാണ് മുസ്ലീം വ്യക്തിനിയമ ബോർഡിന്റെ ആരോപണം. വഖഫ് നിയമത്തിൽ വരുത്തുന്ന തിരുത്തുകളും മാറ്റങ്ങളും ഒരുകാരണവശാലും അംഗീകരിക്കില്ലെന്നും അവർ വ്യക്തമാക്കി.