ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയിട്ട് ഇന്നേക്ക് അഞ്ച് വർഷം. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്ന് ജമ്മു കശ്മീരിൽ വികസനത്തിന്റെയും സമഗ്ര പുരോഗതിയുടേയും മാറ്റമാണ് ഉണ്ടായത്. അഞ്ച് വർഷം കൊണ്ട് എല്ലാ മേഖലയിലും പുത്തൻ ഉണർവ്വും മാറ്റവും ദൃശ്യമായിട്ടുണ്ട്. കശ്മീരിനെ ദേശീയ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു. മുരടിപ്പും നിശ്ചലാവസ്ഥയും മാറി. പ്രതീക്ഷയും പ്രത്യാശയും ജനങ്ങളിൽ ദൃശ്യമാണ്. റോഡ്, റെയിൽ, വൈദ്യുതി, ആരോഗ്യം, ടുറിസം, കൃഷി, ഹോർട്ടികൾച്ചർ, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിലെല്ലാം വൻ കുതിപ്പ് ഉണ്ടായിട്ടുണ്ട്.
ഐഐഎമ്മുകൾ, ഐഐടികൾ, എയിംസ്, ഐഐഎംഎകൾ, മെഡിക്കൽ കോളേജുകൾ, റിംഗ് റോഡുകൾ, കശ്മീരിലേക്കുള്ള ട്രെയിൻ, മേൽപ്പാലങ്ങൾ എന്നിവ പ്രത്യേക പദവി എടുത്തുകളഞ്ഞതിലൂടെ യാഥാർത്ഥ്യമായി. 20 ലക്ഷത്തിലധികം സഞ്ചാരികളാണ് കശ്മീർ സഞ്ചരിക്കാനായെത്തുന്നത്. സഞ്ചാരികളുടെ ഒഴുക്ക് വിനോദ സഞ്ചാരമേഖലയിലെ നിക്ഷേപത്തിനും വഴി തുറന്നു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കഴിഞ്ഞ ലോകസഭാ തെരഞ്ഞടുപ്പിലാണ് കശ്മീർ ജനവിധി തേടിയത്. 5 മണ്ഡലങ്ങളിലായി 53.46 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ബിജെപിയും ജമ്മു കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും രണ്ട് വീതം സീറ്റുകൾ നേടിയപ്പോൾ ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥി വിജയിച്ചു. വരുന്ന സെപ്റ്റംബർ 30-നകം കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ദേശീയതയുടെ അലയൊലികൾ പ്രതിധ്വനിക്കുമെന്നാണ് പ്രതീക്ഷ.
2014-ലാണ് ജമ്മു കശ്മീരിൽ അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്. 2014-ലെ തെരഞ്ഞടുപ്പിൽ ബിജെപി-പിഡിപി സഖ്യസർക്കാരാണ് ജമ്മുകശ്മീരിൽ അധികാരത്തിൽ വന്നത്. മുഫ്തി മുഹമ്മദ് സയ്യിദായിരുന്നു മുഖ്യമന്ത്രി. 2016-ൽ മുഫ്തി മുഹമ്മദ് സയ്യിദിന്റെ മരണശേഷം മെഹബൂബ മുഫ്തി മുഖ്യമന്ത്രിയായി. എന്നാൽ 2018 ജൂണിൽ പിഡിപി നേതൃത്വത്തിലുള്ള സർക്കാരിനുള്ള പിന്തുണ ബിജെപി പിൻവലിച്ചു. തുടർന്ന് ജമ്മുകശ്മീരിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തി.
2019 ഓഗസ്റ്റ് 5 നാണ് ഭരണഘടനയുടെ 370-ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയത്. ഭരണഘടനയുടെ 370 ാം വകുപ്പിൽ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന വ്യവസ്ഥകൾ രാഷ്‌ട്രപതിയുടെ ഉത്തരവിലൂടെ റദ്ദാക്കുകയായിരുന്നു.