തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദപാത്തി നിലനിൽക്കുന്ന സാഹചര്യത്തിലാണ് മഴ പെയ്യുന്നത്. മഴ തുടരുന്നതിനാൽ ആറ് ജില്ലകളിൽ ഇന്ന് യെല്ലാ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ന്യൂനമർദ്ദ പാത്തിക്ക് പുറമേ മൺസൂൺ പാത്തിയും സജീവമാണ്. അടുത്ത 24 മണിക്കൂർ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
തൃശൂർ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ക്യാമ്പ് അവസാനിക്കുന്നത് വരെയാണ് അവധി നൽകിയിരിക്കുന്നത്. ക്യാമ്പുകൾ അവസാനിക്കുന്ന വിവരം അതത് തഹസിൽദാർമാർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറെ അറിയിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.















