കാശി വിശ്വനാഥന്റെ ചരിത്രം സിനിമയാകുന്നു. വാരണാസിയിലെ വിശ്വനാഥ ക്ഷേത്രത്തിന് നേരെയുള്ള ഇസ്ലാമിസ്റ്റുകളുടെ ആക്രമണവും ഹിന്ദുക്കളുടെ പോരാട്ടവും ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നു. ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും നിരവധി കലാകാരന്മാർ അണിനിരക്കുന്ന വമ്പൻ പദ്ധതിയായിരിക്കും ഇതെന്നാണ് സൂചന . ചിത്രത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.മീനാക്ഷി ജെയിൻ, റാണ പി ബി സിംഗ്, വിഷ്ണു ശങ്കർ ജെയിൻ, ഹരിശങ്കർ ജെയിൻ, വിവേക് അഗ്നിഹോത്രി, അഭിഷേക് അഗർവാൾ എന്നിവരാണ് ചിത്രത്തിന് പിന്നിൽ പ്രവർത്തിക്കുന്ന പ്രധാനികൾ.
അഭിഷേക് അഗർവാൾ ആർട്സ്’ എന്ന സിനിമാ നിർമ്മാണ കമ്പനി നടത്തുന്ന അഭിഷേക് അഗർവാളാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അഭിഷേക് അഗർവാൾ മുമ്പ് 2022 ൽ പുറത്തിറങ്ങിയ രണ്ട് വിജയ ചിത്രങ്ങളായ ‘ദി കശ്മീർ ഫയൽസ്’, ‘കാർത്തികേയ 2’ എന്നിവ നിർമ്മിച്ചിട്ടുണ്ട്. ഒന്ന് കാശ്മീരി പണ്ഡിറ്റുകളുടെ താഴ്‌വരയിൽ നിന്നുള്ള പലായനവും ഇസ്ലാമിക ക്രൂരതയും ചിത്രീകരിച്ചപ്പോൾ മറ്റൊന്ന് ശ്രീകൃഷ്ണ ചരിത്രവുമായി ബന്ധപ്പെട്ട ചിത്രമായിരുന്നു.
ഹൈദരാബാദ് ആസ്ഥാനമായുള്ള ചലച്ചിത്ര നിർമ്മാതാവ് അഭിഷേക് അഗർവാൾ അടുത്തിടെ വാരണാസിയിലെത്തി പ്രൊഫസർ റാണ പി ബി സിങ്ങിനെ സന്ദർശിച്ച് വാരണാസിയുടെ ചരിത്രവും സംസ്കാരവും മനസ്സിലാക്കി. സാംസ്കാരിക ഭൂപ്രകൃതികളെയും പൈതൃകങ്ങളെയും കുറിച്ചുള്ള പഠനത്തിൽ റാണ പി ബി സിംഗിന് വൈദഗ്ധ്യമുണ്ട്. ‘വാരണാസി ഹിന്ദു യൂണിവേഴ്‌സിറ്റി’യുടെ (ബിഎച്ച്‌യു) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ‘ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ജിയോഗ്രഫി’യിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുമുണ്ട്.
അഭിഷേക് അഗർവാളും വിഷ്ണു ശങ്കർ ജെയിനും ഒരു മണിക്കൂറിലധികം വീഡിയോ കോളിലൂടെ ഇതുമായി ബന്ധപ്പെട്ട് സംസാരിക്കുകയും ചെയ്തു. വിഷ്ണു ജെയിനും പിതാവ് ഹരിശങ്കർ ജെയിനും കാശി വിശ്വനാഥന്റെ ഭൂമിയുമായി ബന്ധപ്പെട്ട് നടക്കുന്ന ജുഡീഷ്യൽ പോരാട്ടത്തെക്കുറിച്ച് അഭിഷേക് അഗർവാളിനോട് പറഞ്ഞിട്ടുണ്ട്.
‘ദി താഷ്‌കൻ്റ് ഫയൽസ്’ (2029), ‘ദി കശ്മീർ ഫയൽസ്’ (2022), ‘ദി വാക്സിൻ വാർ’ (2023) എന്നീ ചിത്രങ്ങളുടെ സംവിധായകൻ വിവേക് അഗ്നിഹോത്രിയും ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കും . എന്നാൽ അദ്ദേഹം ഇത് സംവിധാനം ചെയ്യുമോ എന്ന് വ്യക്തമാക്കിയിട്ടില്ല . ഇന്ത്യാ വിഭജന സമയത്ത് പശ്ചിമ ബംഗാളിൽ നടന്ന ഹിന്ദുക്കളുടെ കൂട്ടക്കൊലയുടെ കഥ കാണിക്കുന്ന ‘ദി ഡൽഹി ഫയൽസ്’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം ഇപ്പോൾ.















