എറണാകുളം: ഒരു ഗ്രാമത്തെ തന്നെ ഉരുളെടുത്തതിന്റെ തീരാനോവിലാണ് കേരളക്കര. വയനാടിന്റെ അതിജീവനത്തിനായി കേരളം ഒന്നടങ്കം കൈകോർക്കുമ്പോൾ കൂലി വാങ്ങാതെ വീടുകൾ നിർമിച്ചു നൽകുന്നതിൽ പങ്കാളികളാകാൻ ഒരുങ്ങുകയാണ് പറവൂർ സ്വദേശി ജോബിയും കൂട്ടരും.
വയനാടിനായി ലക്ഷങ്ങൾ പലരും സംഭാവന ചെയ്യുമ്പോൾ വയനാടിന് നൽകാൻ നീക്കിയിരിപ്പ് സമ്പാദ്യങ്ങളൊന്നുമില്ലെന്നോർത്ത് ജോബി വിഷമിച്ചിരുന്നു. ഈ വിഷമം സുഹൃത്തുക്കളായ സിജു, ബോസി, രമണൻ തുടങ്ങിയവരോടും പങ്കുവച്ചു. ആകെ അറിയാവുന്നത് കെട്ടിട നിർമാണം മാത്രമായതിനാൽ ദുരിതബാധിതർക്കുള്ള വീട് നിർമാണത്തിൽ കൂലി വാങ്ങാതെ പങ്കാളികളാകാൻ അവർ തീരുമാനിക്കുകയായിരുന്നു.
തുടർന്ന് ദുരിതബാധിതർക്കായുള്ള വീട് നിർമാണത്തിൽ കൂലി വാങ്ങാതെ പണിയെടുക്കാൻ തങ്ങൾ തയ്യാറാണെന്ന് അറിയിച്ച് ഇവർ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചു. ഇതിന് പിന്നാലെ പെയിന്റ് പണി, കൽപ്പണി, ടൈൽസ് പണി തുടങ്ങി വിവിധ മേഖലകളിൽ തൊളിലെടുക്കുന്നവരും ഇവർക്കൊപ്പം കൂടാമെന്നറിയിക്കുകയായിരുന്നു.
കെട്ടിട നിർമാണ തൊഴിലാളികളുടെ സന്നദ്ധത ശ്രദ്ധയിൽപ്പെട്ട ഗൾഫിൽ നിന്നുള്ള പ്രവാസി മലാളികളും ഇവർക്കായുള്ള സഹായങ്ങൾ വാഗ്ദാനം ചെയ്ത് രംഗത്തെത്തി. തൊഴിലാളികൾ വയനാട്ടിലേക്ക് പോവുമ്പോൾ ഇവരുടെ വീട്ടു ചെലവുകൾക്കുള്ള പണം അയച്ച് നൽകാമെന്ന് പ്രവാസികൾ വാഗ്ദാനം ചെയ്തതായി ജോബി പറഞ്ഞു.