ഞങ്ങളുടെ നാട്ടിലെ സൂപ്പർ ഹീറോയാണ് അവൻ. 10-20 പേരെ ജീവൻ പണയം വച്ചാണ് ഭൂമിയിൽ നിന്ന് വിടവാങ്ങുന്നതിന് മുമ്പേ അവൻ രക്ഷിച്ചത്. നാടിന് എന്ത് ആവശ്യം വരുമ്പോഴും മുന്നിൽ നിൽക്കുന്ന ഭയമെന്തെന്ന് അറിയാതെ എല്ലാവർക്കും കാവലായവനാണ്. പ്രജീഷിനെ കുറിച്ച് പറയുമ്പോൾ പലരുടെയും തൊണ്ടയിടറി. കുത്തിയൊലിച്ചുവരുന്ന ഉരുൾപൊട്ടലിനിടയിൽ പ്രിയപ്പെട്ടവർക്ക് രക്ഷാകരം നീട്ടിയ പ്രജീഷ് ഇന്നില്ല. എന്ത് പ്രതിസന്ധിയിലും നാടിന് തുണ തന്നവൻ. ഈ ഉരുൾപൊട്ടൽ ചൂരൽ മലയിൽ നിന്ന് കവർന്നെടുത്തത് അവരുടെ നായകനെ കൂടിയാണ്. തന്നെ കാത്തിരിക്കുന്നവരെ രക്ഷിക്കാനുള്ള യാത്രക്കിടെയാണ് പ്രജീഷിനെ നഷ്ടമായത്.
ആദ്യം ഉരുൾപൊട്ടിയപ്പോൾ ചൂരൽമല പാടിയിൽ താമസിച്ചിരുന്ന തന്റെ കുടുംബത്തെ സുരക്ഷിത സ്ഥാനത്തെത്തിച്ചു. വീണ്ടും മലകയറി രക്ഷാപ്രവർത്തനം. രക്ഷിക്കണേ എന്ന നിലവിളി കേട്ട് മൂന്നാമതും മല കയറാൻ നിന്ന പ്രജീഷിനെ സുഹൃത്തുകൾ തടഞ്ഞു. നിരവധി പേരാണ് കുടുങ്ങി കിടക്കുന്നത്. എന്നെ തടയരുത് എന്തായാലും ഞാൻ പോകുമെന്ന് പറഞ്ഞാണ് അയാൾ ജീപ്പെടുത്തത്. പക്ഷേ ദുരന്തം ജീവൻ കവർന്നു.
”അർദ്ധരാത്രിയിൽ പ്രജീഷിന്റെ ഫോൺ വന്നു. ബാലേട്ടാ…നിങ്ങൾ എത്രയും പെട്ടന്ന് ആളുകളെ കൂട്ടി വരണം. ഇവിടെ കുറെ പേർ കുടുങ്ങി കിടക്കുന്നുണ്ട്. രണ്ടാമത് ഉരുൾപൊട്ടിയപ്പോൾ പ്രജീഷിനെ വിളിച്ചിട്ട് കിട്ടിയില്ല. അവിടെയുണ്ടായിരുന്നവർ പറഞ്ഞത് ഒരു ടോർച്ചും കയ്യും മുന്നോട്ട് പോകുന്നത് കണ്ടു എന്നാണ്. എന്റെ കയ്യിൽ ഒരു വലിയ ടോർച്ച് ഉണ്ടായിരുന്നു. അവൻ ഈ നാടിന്റെ ഏറ്റവും വലിയ സ്വത്താണ്.’ … പ്രിയപ്പെട്ടവന്റെ സ്മരണ ഓർത്തെടുത്തപ്പോൾ ബാലേട്ടൻ വിതുമ്പി.
ചൂരൽമലയുടെ ഓൾ ഇൻ ഓൾ ആയിരുന്നു പ്രജീഷ്. കാട് കയറിയും ടൂറിസ്റ്റുകളെ ട്രക്കിംഗിന് കൊണ്ടുപോയും നാട്ടിലെ കാര്യങ്ങൾ നോക്കിയും അയാൾ എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു.പ്രജീഷിനെ കൂടാതെ ശരത് എന്ന യുവാവും രക്ഷാപ്രവർത്തനത്തിനിടെ മരണത്തിന് കീഴടങ്ങി.