വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെളിയിൽ പുതഞ്ഞ ജീവനുകളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുകയും ചെയ്ത മേജർ ജനറൽ വിടി മാത്യു ദുരന്തമുഖത്ത് നിന്ന് മടങ്ങുന്നു. വയനാടിന് രക്ഷകനായെത്തിയതിന് നന്ദി അറിയിച്ചുകൊണ്ട് വയനാട് ജില്ലാ കളക്ടർ മേഘശ്രീ അദ്ദേഹത്തിന് യാത്രയയപ്പ് നൽകി.
ദുരന്തമുഖത്ത് നിന്ന് പോകുന്നുണ്ടെങ്കിലും ബെംഗളൂരുവിലെ കേരള- കർണാടക ആസ്ഥാനത്തെ ക്വാർട്ടേഴ്സിൽ നിന്ന് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും. ആവശ്യമെങ്കിൽ ജില്ലയിൽ വീണ്ടും എത്തുമെന്നും വി.ടി. മാത്യു പറഞ്ഞു. പ്രതികൂല കാലാവസ്ഥയിൽ തീരെ പരിചയമില്ലാത്ത സ്ഥലമായിട്ട് പോലും കൂടുതൽ ആളുകളെ രക്ഷപ്പെടുത്താൻ സാധിച്ചതിൽ ഏറെ സംതൃപ്തിയുണ്ട്.
1999-ൽ ഒഡീഷയിലുണ്ടായ ചുഴലിക്കാറ്റ് ദുരന്തത്തിന് ശേഷം ഇത്ര വലിയ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടില്ല. കുട്ടികളും പ്രായമായവരും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ മരിച്ചതിൽ ഏറെ ദുഃഖമുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ എല്ലാ സേനാംഗങ്ങളും പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ 31-നാണ് കേരളാ -കർണാടക ജിഒസി മേജർ ജനറൽ വി.ടി. മാത്യു വയനാട്ടിലെത്തിയത്. രാപ്പകലില്ലാതെയുള്ള രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകികൊണ്ട് മുൻനിരയിലായിരുന്നു അദ്ദേഹവും. രണ്ട് ദിവസം കൊണ്ട് 500 പേരെയാണ് സൈന്യം രക്ഷപ്പെടുത്തിയത്. ആഹാരവും വെള്ളവുമില്ലാതെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന സൈനികർക്ക് വഴികാട്ടിയായിരുന്നു മലയാളി കൂടിയായ വി.ടി. മാത്യു. 500 സൈനികരാണ് വയനാട് ഉരുൾപൊട്ടൽ മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്നത്.