ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു. സംവരണ വിരുദ്ധ പ്രതിഷേധങ്ങളെ തുടർന്നുണ്ടായ കലാപങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വീണ്ടും പ്രക്ഷോഭം രൂക്ഷമായിരുന്നു. തുടർന്നുണ്ടായ സംഘർഷങ്ങളിൽ വീണ്ടും നൂറുക്കണക്കിനാളുകൾ കൊല്ലപ്പെട്ടു. ഇതിന് പിന്നാലെ രാജ്യത്താകെ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇന്റർനെറ്റ് നിരോധനവും നിലനിൽക്കുകയാണ്. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രക്ഷോഭകർ ഇരച്ചുകയറിയെന്ന വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഷെയ്ഖ് ഹസീന രാജിവച്ചുവെന്ന വാർത്തകൾ വരുന്നത്.
ഇതും വായിക്കുക
ഹസീനയും സഹോദരി ഷെയ്ഖ് രെഹാനയും രാജ്യം വിട്ടുവെന്നാണ് വിവരം. ഇന്ത്യയിൽ അഭയം തേടിയതായുള്ള അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. ധാക്കയിൽ നിന്ന് ഹെലികോപ്റ്റർ മാർഗം പശ്ചിമബംഗാളിലേക്ക് കടന്നുവെന്നാണ് പല അന്താരാഷ്ട്ര മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. അൽപ്പസമയത്തിനകം ബംഗ്ലാദേശിലെ സൈനിക മേധാവി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് വിവരം.
#BREAKING: Protesting mob has breached Bangladesh Prime Minister Sheikh Hasina’s Official residence in Ganabhaban in Dhaka. Unprecedented visuals. Similar to what we saw in Afghanistan and Srilanka. Sheikh Hasina has left Bangladesh with Army assistance. pic.twitter.com/g5xSEbzE2t
— Aditya Raj Kaul (@AdityaRajKaul) August 5, 2024
ഭരണകക്ഷിയായ അവാമി ലീഗിന്റെ പ്രവർത്തകരും പ്രതിഷേധക്കാരായ വിദ്യാർത്ഥിസംഘടനകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ നിരവധി പേരായിരുന്നു രാജ്യത്ത് കൊല്ലപ്പെട്ടത്. സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്തിയതായിരുന്നു കലാപങ്ങൾക്ക് തുടക്കം. ബംഗ്ലാദേശ് വിമോചന സമരകാലത്ത് പങ്കെടുത്ത സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബത്തിലുള്ളവർക്ക് 30 ശതമാനം സംവരണം സർക്കാർ ജോലികളിൽ നിർബന്ധമാക്കുന്ന നിയമം രാജ്യത്തെ വലിയൊരു വിഭാഗമാളുകളെ ചൊടിപ്പിച്ചു. ഇതോടെയാണ് പ്രതിഷേധ പരമ്പരകൾക്ക് തുടക്കമിട്ടത്. ഇത് വൻ കലാപത്തിലേക്ക് വഴിവയ്ക്കുകയായിരുന്നു. പ്രക്ഷോഭകരെ അടിച്ചമർത്താൻ പട്ടാളം തെരുവിലിറങ്ങിയതോടെ മരണസംഖ്യ കുത്തനെ ഉയർന്നു. ഇതിന് പിന്നാലെയായിരുന്നു ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വീണ്ടും തെരുവുകൾ കത്തിയമരാൻ തുടങ്ങിയത്. ഗത്യന്തരമില്ലാതെ പ്രക്ഷോഭകർക്ക് മുന്നിൽ വഴങ്ങുകയായിരുന്നു ഷെയ്ഖ് ഹസീന. സംഘർഷം ആരംഭിച്ചതിന് തൊട്ടുപിന്നാലെ തന്നെ ബംഗ്ലാദേശിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു. എത്രയും വേഗം മടങ്ങിവരണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെടുകയും ചെയ്തിരുന്നു.















