ധനുഷ് തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രം രായന് തിയേറ്ററുകളിൽ വൻ സ്വീകാര്യത. 10 ദിവസം കൊണ്ട് ബോക്സോഫീസിൽ 131 കോടിയാണ് ചിത്രം നേടിയത്. വിജയ് സേതുപതി പ്രധാന വേഷത്തിലെത്തിയ മഹാരാജയെ വീഴ്‌ത്തിയാണ് ധനുഷ് ചിത്രം തിയേറ്ററിൽ കുതിക്കുന്നത്. കേരളത്തിലും മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്.
ഇന്ത്യയിൽ മാത്രം 75. 85 കോടിയാണ് ചിത്രം ഇതുവരെ നേടിയത്. ഇതോടെ ധനുഷ് നായകനായി പുറത്തെത്തി ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി രായൻ മാറിയിരിക്കുകയാണ്. ധനുഷിന്റെ 50-ാമത്തെ ചിത്രമാണിത്. ആക്ഷൻ ഡ്രാമ ചിത്രത്തിൽ മലയാളത്തിൽ നിന്ന് യുവ താരങ്ങളായ നിത്യാ മേനോൻ, കാളിദാസ് ജയറാം, അപർണ ബാലമുരളി എന്നിവർ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
അടുത്തിടെ പുറത്തിറങ്ങിയ തമിഴ് സിനിമകൾക്ക് പ്രതീക്ഷിച്ചത്ര കളക്ഷൻ നേടാൻ സാധിച്ചിരുന്നില്ല. അതിനിടെയിലാണ് ധനുഷ് ചിത്രം ബോക്സോഫീസിൽ വൻ കളക്ഷൻ നേടി മുന്നേറുന്നത്. രായൻ എന്ന കഥാപാത്രത്തെയാണ് ധനുഷ് അവതരിപ്പിക്കുന്നത്. തിയേറ്ററിലെത്തി ആദ്യ ദിനങ്ങൾ തന്നെ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടാൻ സാധിച്ചിരുന്നു.