ധാക്ക: കലാപഭൂമിയായ ബംഗ്ലാദേശിനെ ശാന്തമാക്കുന്നതിൽ പരാജയപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഒടുവിൽ രാജിവച്ചിരിക്കുന്നു. ധാക്കയിൽ നിന്നും സഹോദരി ഷെയ്ഖ് രെഹാനയ്‌ക്കൊപ്പം രാജ്യം വിട്ട ഹസീന നിലവിൽ ത്രിപുരയിലെ അഗർത്തയിൽ ലാൻഡ് ചെയ്തുവെന്നാണ് റിപ്പോർട്ട്. ഇവിടെ നിന്നും ഡൽഹി വിമാനത്താവളത്തിലേക്ക് പോയതായും വിവരമുണ്ട്. ഇന്ത്യയുടെ ബംഗ്ലാദേശ് അതിർത്തിയിൽ ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയെന്നാണ് സൂചന. ബിഎസ്എഫ് മേധാവി നിലവിൽ കൊൽക്കത്തയിലെത്തി. ഇന്ത്യയിൽ അഭയം പ്രാപിച്ച ഹസീന വൈകാതെ ലണ്ടനിലേക്ക് തിരിക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ധാക്കയിലെ ഗനഭാബനിൽ കലാപകാരികൾ ഇരച്ചുകയറിയതിന് ഏതാനും മിനിറ്റുകൾക്ക് മുൻപായിരുന്നു അവർ ഇന്ത്യയിൽ അഭയം തേടാൻ പുറപ്പെട്ടത്. ഉച്ചയ്‌ക്ക് രണ്ടരയോടെ സൈനിക ഹെലികോപ്റ്ററിൽ കയറി ഹസീനയും സഹോദരിയും ബംഗ്ലാദേശ് വിട്ടു. മൂന്ന് മണിയോടെ രാജ്യത്തെ അഭിസംബോധന ചെയ്ത സൈനിക മേധാവി ജനറൽ വാകെർ-ഉസ്-സമാൻ ഭരണം ഏറ്റെടുത്തതായി പ്രഖ്യാപിച്ചു. എത്രയും വേഗം രാജ്യത്ത് ഇടക്കാല സർക്കാർ രൂപീകരിക്കുമെന്നാണ് പട്ടാള മേധാവി അറിയിക്കുന്നത്. അരാജകത്വം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം, പ്രതിഷേധം ഒന്നിനും പരിഹാരമല്ലെന്നും അശാന്തിക്ക് അന്ത്യം കുറിക്കണമെന്നും രാജ്യത്തോട് പറഞ്ഞു. കലാപകലുഷിത സാഹചര്യത്തിൽ ദേശീയ ഐക്യം വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകതയും സൈനിക മേധാവി ഊന്നിപ്പറഞ്ഞു. നിലവിലെ സാഹചര്യത്തെക്കുറിച്ച് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസും സൈന്യവും പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർക്കരുതെന്നും പട്ടാള മേധാവി ആഹ്വാനം ചെയ്തിട്ടുണ്ട്.
ഷെയ്ഖ് ഹസീനയുടെ 15 വർഷത്തെ തുടർച്ചയായ ഭരണത്തിന് അന്ത്യം കുറിച്ച ഈ ദിനം ബംഗ്ലാദേശിന്റെ ചരിത്രത്തിൽ സുപ്രധാന ഏടായി മാറിയിരിക്കുകയാണ്. സർക്കാർ നടപ്പിലാക്കിയ സംവരണ നിയമത്തിനെതിരെ ഉയർന്ന പ്രതിഷേധങ്ങൾ മുന്നൂറോളം പേരുടെ ജീവൻ പൊലിയുന്നതിന് കാരണമായിരുന്നു. ഞായറാഴ്ച മാത്രം 90 പേരാണ് കൊല്ലപ്പെട്ടത്. ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ആയിരത്തോളം പേർ തെരുവിലറങ്ങി. ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചുകയറിയ പ്രക്ഷോഭകാരികൾ അവിടെയുള്ള സോഫയും കസേരയുമടക്കം കിട്ടുന്നതെല്ലാം എടുത്തുകൊണ്ട് പോവുകയും ചെയ്തിരുന്നു.















