ന്യൂയോർക്ക്: യാത്രാമധ്യേ അടിയന്തര ലാൻഡിംഗ് നടത്തി അമേരിക്കൻ എയർലൈൻസ് വിമാനം. യാത്രക്കാരിയായ യുവതിയുടെ മുടിയിൽ പേൻ കണ്ടതിനെത്തുടർന്നാണ് ലോസ് ആഞ്ചലസിൽ നിന്നും അമേരിക്കയിലേക്ക് പോവുകയായിരുന്ന വിമാനം അടിയന്തരമായി ഇറക്കിയത്. വഴിതിരിച്ചുവിടുന്നതിനെകുറിച്ച് ജീവനക്കാർ കൃത്യമായ അറിയിപ്പൊന്നും നൽകാത്തത് യാത്രക്കാർക്കിടയിൽ ആശയക്കുഴപ്പവും അനിശ്ചിതത്വവും ഉണ്ടാക്കിയെന്ന് യാത്രികരിൽ ഒരാളായ ഏദൻ ജൂഡൽസൺ ടിക് ടോക്കിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.
ജൂണിലാണ് സംഭവം. ഏദൻ വിവരിക്കുന്നതനുസരിച്ച് വിമാനത്തിലെ രണ്ട് യാത്രക്കാർ സഹയാത്രികയുടെ മുടിയിൽ പേൻ ഇഴയുന്നത് കണ്ടു. പരിഭ്രാന്തരായ ഇവർ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വിമാനം ഫീനിക്സിലെത്തിയപ്പോൾ അടിയന്തരമായി ഇറക്കി. യാത്ര പുനരാരംഭിക്കുന്നത് 12 മണിക്കൂർ വൈകുമെന്ന് അറിയിച്ച അധികൃതർ ഇവർക്ക് ഹോട്ടലുകളിൽ താത്കാലിക താമസ സൗകര്യവും ഉറപ്പാക്കി.
എന്നാൽ അടിയന്തിര ലാൻഡിംഗിന് കാരണം യുവതിയുടെ മുടിയിലെ പേൻ ആണെന്ന കാര്യം യാത്രക്കാരെ അധികൃതർ അറിയിച്ചിരുന്നില്ല. ഇതാണ് യാത്രക്കാരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചത്. മെഡിക്കൽ എമർജൻസി കാരണമാണ് വിമാനം വഴിതിരിച്ചുവിട്ടതെന്ന് അറിയിച്ച് അമേരിക്കൻ എയർലൈൻസ് പിന്നീട് പ്രസ്താവന ഇറക്കുകയും ചെയ്തു.