ന്യൂഡൽഹി: കലാപ കലുഷിതമായ ബംഗ്ലാദേശിലേക്കുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ. കൊൽക്കത്തയിൽനിന്നും ധാക്കയിലേക്കുള്ള മൈത്രി എക്സ്പ്രസ്സും കൊൽക്കത്തയിൽ നിന്നും ഖുൽനയിലേക്കുള്ള ബന്ധൻ എക്സ്പ്രസ്സും റദ്ദാക്കിയതായി റെയിൽവേ അധികൃതർ അറിയിച്ചു. ഓഗസ്റ്റ് ആറുവരെയുള്ള സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ധാക്കയിൽ നിന്നും സർവീസ് നടത്തുന്ന മിതാലി എക്സ്പ്രസ്സും (ധാക്ക-ന്യൂ ജഗൽപുരി- ധാക്ക) ഓഗസ്റ്റ് 6 വരെ സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്.
അതേസമയം കലാപം രൂക്ഷമായതിനെത്തുടർന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വച്ചു. സഹോദരി ഷെയ്ഖ് രെഹാനയ്‌ക്കൊപ്പം രാജ്യം വിട്ട ഹസീന ഇന്ത്യയിലെത്തി. വൈകാതെ ലണ്ടനിലേക്ക് പുറപ്പെട്ടേക്കുമെന്നാണ് സൂചന. രാജ്യത്തെ അഭിസംബോധന ചെയ്ത ബംഗ്ലാദേശ് സൈനിക മേധാവി ജനറൽ വാകെർ-ഉസ്-സമാൻ ഭരണം ഏറ്റെടുത്തതായി പ്രഖ്യാപിച്ചു. എത്രയും വേഗം രാജ്യത്ത് ഇടക്കാല സർക്കാർ രൂപീകരിക്കുമെന്നാണ് പട്ടാള മേധാവി അറിയിക്കുന്നത്.
സർക്കാർ നടപ്പിലാക്കിയ സംവരണ നിയമത്തിനെതിരെ ഉയർന്ന പ്രതിഷേധങ്ങൾ മുന്നൂറോളം പേരുടെ ജീവൻ പൊലിയുന്നതിന് കാരണമായിരുന്നു. ഞായറാഴ്ച മാത്രം 90 പേരാണ് കൊല്ലപ്പെട്ടത്. ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് ഇന്നും ആയിരത്തോളം പേർ തെരുവിലറങ്ങി. തുടർന്നായിരുന്നു രാജി.