ന്യൂഡൽഹി: ബംഗ്ലാദേശിൽ ആഴ്ചകളായി നീണ്ടുനിൽക്കുന്ന കലാപം അതിരൂക്ഷമായ സാഹചര്യത്തിൽ ധാക്കയിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കി എയർ ഇന്ത്യ. ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന യാത്രക്കാർക്ക് റീഷെഡ്യൂളിങ്, ക്യാൻസലേഷൻ ചാർജ് എന്നിവയിൽ ഒറ്റത്തവണ ഇളവും നൽകുമെന്ന് വിമാനക്കമ്പനി അറിയിച്ചു.
“ഞങ്ങൾ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണ്. ധാക്കയിലേക്കും തിരിച്ചുമുള്ള യാത്രയ്‌ക്കായി സ്ഥിരീകരിച്ച ബുക്കിംഗുകൾ ഉള്ള യാത്രക്കാർക്ക് റീഷെഡ്യൂൾ ചെയ്യുന്നതിനും ക്യാൻസലേഷൻ ചാർജുകളിലും ഒറ്റത്തവണ ഇളവ് ലഭിക്കുന്നതാണ്,” എയർ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
കലാപം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വച്ച് സഹോദരിക്കൊപ്പം രാജ്യം വിട്ടിരുന്നു. പിന്നാലെ ബംഗ്ലാദേശ് സൈനിക മേധാവി സൈന്യം ഭരണം ഏറ്റെടുത്തതായും രാജ്യത്ത് ഇടക്കാല സർക്കാർ രൂപീകരിക്കുമെന്നും അറിയിച്ചു. 300 ൽ അധികം പേരാണ് ഷെയ്ഖ് ഹസീന സർക്കാരിന്റെ സംവരണ നയങ്ങൾക്കെതിരെ നടന്ന പ്രതിഷേധങ്ങളിലും അക്രമസംഭവങ്ങളിലും മരണപ്പെട്ടത്.