ധാക്ക: ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദം രാജിവച്ച് രാജ്യം വിട്ടതിനുപിന്നാലെ അക്രമാസക്തരായി ബംഗ്ലാദേശിലെ കലാപകാരികൾ. രാജ്യത്തെ ഹിന്ദുക്ഷേത്രങ്ങൾക്ക് നേരെയും സാംസ്‌കാരിക കേന്ദ്രങ്ങൾക്ക് നേരെയും പ്രതിഷേധക്കാർ അക്രമം അഴിച്ചുവിട്ടു. രാജ്യത്തുടനീളം കത്തിപ്പടരുന്ന പ്രക്ഷോഭത്തിൽ 4 ഹിന്ദുക്ഷേത്രങ്ങൾ തകർക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ. സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ഹിന്ദു സമൂഹം ഭയന്നാണ് കഴിയുന്നത്.
ധൻമോണ്ടിയിലെ ബംഗബന്ധു മെമ്മോറിയൽ മ്യൂസിയം എന്നറിയപ്പെടുന്ന ബംഗബന്ധു ഭബൻ ഉൾപ്പെടെ നിരവധി ചരിത്ര സ്മാരകങ്ങൾ പ്രതിഷേധക്കാർ തീയിട്ടതായി ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്തു. ധാക്കയിലെ ധൻമോണ്ടി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഇന്ദിരാഗാന്ധി കൾച്ചറൽ സെൻ്റർ അക്രമിസംഘം നശിപ്പിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
2010 മാർച്ചിൽ ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ട ഈ കേന്ദ്രത്തിൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഉഭയകക്ഷി സാംസ്കാരിക ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനായി സാംസ്കാരിക പരിപാടികൾ, സാംസ്കാരിക സെമിനാറുകൾ, വർക്ക്ഷോപ്പുകൾ എന്നിവ സംഘടിപ്പിച്ചിരുന്നു. കൂടാതെ ഇന്ത്യയിൽ നിന്നുള്ള ഗുരുക്കന്മാരും പ്രൊഫഷണലുകളും നൃത്ത പരിശീലകരും പങ്കെടുക്കുന്ന യോഗ, ഹിന്ദി, ഇന്ത്യൻ ക്ലാസിക്കൽ വോക്കൽ മ്യൂസിക്, കഥക് തുടങ്ങിയവയും നടന്നിരുന്നു.
ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് ഓഫ് ഇന്ത്യയുടെ സാംസ്കാരിക കേന്ദ്രമായ സെന്ററിൽ ഇന്ത്യൻ കല, സംസ്കാരം, രാഷ്‌ട്രീയം, സാമ്പത്തിക ശാസ്ത്രം, ഫിക്ഷൻ എന്നീ മേഖലകളിൽ 21,000-ത്തിലധികം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. ഇതാണ് കലാപകാരികളുടെ ആക്രമണത്തിൽ തകർക്കപ്പെട്ടിരിക്കുന്നത്.