അബുദാബി: യുഎഇയിൽ ഓഗസ്റ്റ് 8 വരെ ചില പ്രദേശങ്ങളിൽ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അന്തരീക്ഷം ഭാഗികമായോ പൂർണമായോ മേഘാവൃതമായിരിക്കും. ചില പ്രദേശങ്ങളിൽ മഴയ്‌ക്ക് സാധ്യതയുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും തുടർന്നും അറിയിപ്പുകൾ ഉണ്ടാകുമെന്നും കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.അറേബ്യൻ ഗൾഫ് കടലിൽ നേരിയതോ മിതമായതോ ആയ തിരമാലകൾ കാണുമെന്നും ഒമാൻ കടൽ നാളെ പ്രക്ഷുബ്ധമാകുകയും ചെയ്യുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസങ്ങളിൽ യുഎഇയിലെ വിവിധയിടങ്ങളിൽ ശക്തമായ മഴയും ആലിപ്പഴ വർഷവും ഉണ്ടായിരുന്നു. ഖോർഫക്കാനിലും ഫുജൈറയിലും മഴ റിപ്പോർട്ട് ചെയ്തു. അൽ ഐനിൽ ആലിപ്പഴ വർഷമുണ്ടായി.പൊടിക്കാറ്റിനും ഇടിയോട് കൂടിയ ശക്തമായ മഴയ്‌ക്കും സാധ്യതയുള്ളതിനാൽ ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ചിലയിടങ്ങളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. കാറ്റിന്റെ വേഗം മണിക്കൂറിൽ 50 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമായേക്കുമെന്നും മുന്നറിയിപ്പുണ്ട്.