വയനാട്: കേരളക്കരയെ മുഴുവൻ കണ്ണീരിലാക്കി അവർ മടങ്ങി. വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. തിരിച്ചറിയാൻ കഴിയാത്ത മൃതശരീരങ്ങളുടെ സംസ്കാരം രാത്രി വൈകിയും നടന്നു. 29 മൃതദേഹങ്ങളും 154 ശരീരഭാഗങ്ങളുമാണ് ഒരുമിച്ച് സംസ്കരിച്ചത്. വൈകുന്നേരം ആരംഭിച്ച ചടങ്ങുകൾ രാത്രി 12 മണിയോടെയാണ് പൂർത്തിയായത്.
തിരിച്ചറിയാൻ കഴിയാത്ത ഓരോ ശരീരഭാഗങ്ങളും ഓരോ മൃതദേഹങ്ങളായി പരിഗണിച്ചാണ് സംസ്കരിച്ചത്. സർവ്വമത പ്രാർത്ഥനയോടെ വയനാട് അവർക്ക് യാത്ര നൽകി. പിറ്റേന്ന് ഉണരും എന്ന് വിചാരിച്ച് കിടന്നവർ, ആഗ്രഹങ്ങളും സ്വപ്നങ്ങളുമായി ജീവിച്ചവർ, ഒന്നും സംഭവിക്കില്ലെന്ന് ഉറച്ച് വിശ്വസിച്ചവർ, സ്നേഹിച്ചും സ്നേഹിക്കപ്പെട്ടും കൊതി തീരാത്താവർ, ഒന്നും അറിയാതെ നിഷ്കളങ്കരായി ഉറങ്ങിയവർ എല്ലാവരും ഇനി പുത്തുമലയിൽ ഒരുമിച്ചുറങ്ങും. കേരളത്തെയാകെ കണ്ണീരിലാഴ്‌ത്തിയാണ് അവരുടെ മടക്കം.
ഓരോ മൃതശരീരങ്ങളും എത്തുമ്പോഴും കൂടിനിന്നിരുന്നവരുടെ കണ്ണുകൾ നിറഞ്ഞു. ആരെന്നറിയാതെ അവർ ഒന്നിച്ച് മണ്ണിലേക്കമർന്നപ്പോൾ പലർക്കും കരച്ചിൽ അടക്കാനായില്ല. മൃതദേഹങ്ങൾ സംസ്കരിക്കാനെത്തിക്കുമ്പോൾ തന്റെ പ്രിയപ്പെട്ടവർ എന്ന പോലെ സന്നദ്ധ പ്രവർത്തകരുടെ കണ്ണുകളും ഈറനണിഞ്ഞിരുന്നു.
ആദ്യം ക്രൈസ്തവ ആചാരപ്രകാരവും പിന്നീട് ഹൈന്ദവ, മുസ്ലീം മതാചാര പ്രകാരവും പ്രാർത്ഥന നടന്നു. നൂറുകണക്കിന് ആളുകളാണ് ചടങ്ങിൽ പങ്കെടുത്ത് അന്തിമോപചാരം അർപ്പിച്ചത്. ചടങ്ങുകൾ പൂർത്തിയാകുന്നത് വരെ സന്നദ്ധ പ്രവർത്തകർ സജീവമായി സ്ഥലത്തുണ്ടായിരുന്നു.