വയനാട്: വയനാട് ഉരുൾപൊട്ടൽ നടന്ന മേഖലകളിലെ തെരച്ചിൽ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണെന്ന് എഡിജിപി എം.ആർ അജിത് കുമാർ. ഇനിയുള്ള തെരച്ചിൽ ചെളി നിറഞ്ഞയിടങ്ങളിലാണെന്നും കഴിയാവുന്ന സ്ഥലങ്ങളിലൊക്കെ തെരച്ചിൽ നടത്തുമെന്നും എഡിജിപി പറഞ്ഞു.
അട്ടമലയിൽ നിന്നാണ് ഇന്നലെ മൃതദേഹം കിട്ടിയത്. മെഷീൻ ഉപയോഗിച്ച് ഇന്നും തെരച്ചിൽ നടത്തുന്നുണ്ട്. ആ മേഖലകളിൽ കൂടുതൽ മൃതദേഹങ്ങളുണ്ടോ എന്നത് പരിശോധിക്കും. പോത്തുകല്ല് മേഖലയിലാണ് കൂടുതൽ തെരച്ചിൽ നടത്തുന്നത്. മലപ്പുറത്തെ ഓരോ പൊലീസ് സംഘങ്ങളും അവിടെ തെരച്ചിൽ നടത്തുന്നുണ്ട്.
പോത്തുകല്ലിന്റെ പലയിടങ്ങളിലും ലോക്കൽ വോളന്റിയർമാർ കുടുങ്ങിയിരുന്നു. 18-ഓളം പേരെയാണ് ഇന്നലെ രക്ഷപ്പെടുത്തിയത്. അതുകൊണ്ട് തന്നെ ലോക്കൽ വോളന്റിയേഴ്സിനെ ഒഴിവാക്കിക്കൊണ്ട് കേരളാ പൊലീസിന്റെ എസ്ഒജി, സൈന്യത്തിന്റെ കമന്റോസ് എന്നിവരാണ് ആ പ്രദേശത്ത് തെരച്ചിൽ നടത്തുന്നത്.
ആറ് പേരടങ്ങുന്ന സംഘത്തെയാണ് തെരച്ചിലിന് നിയോഗിക്കുന്നത്. ആദ്യം രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരും നാല് സൈനികരുമായിരിക്കും പോവുക. രണ്ടാമത് നാല് എസ്ഒജിയും രണ്ട് സൈനികരുമാണ് പോകുന്നത്. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ശാന്തൻപാറയിൽ നിന്നാണ് ഇന്നലെ മൃതദേഹം കിട്ടിയത്. അതിനാൽ അവിടേക്ക് എയർഡ്രോപ്പ് ചെയ്ത ശേഷം തെരച്ചിൽ നടത്തുമെന്നും എഡിജിപി പറഞ്ഞു.