ബാഡ്മിന്റണിലെ മെഡൽ നഷ്ടത്തിന് പിന്നാലെ ലക്ഷ്യ സെന്നിനെതിരെ രൂക്ഷ വിമർശനവുമായി പ്രകാശ് പദുക്കോൺ. ഇന്ത്യൻ താരങ്ങൾ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്ന് ഇതിഹാസ താരം തുറന്നടിച്ചു. സെമി ഫൈനലിലും വെങ്കലമെഡൽ പോരാട്ടത്തിലും മുന്നിലെത്തിയതിന് ശേഷം പിഴവുകൾ വരുത്തിയതിന് പിന്നാലെയാണ് ഇദ്ദേഹം ലക്ഷ്യയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. കായികതാരങ്ങൾ ചോദിച്ചതെല്ലാം നൽകിയിട്ടും പ്രകടനം മോശമാകുന്നുണ്ടെങ്കിൽ വിശദീകരണം തേടണം. ബാഡ്മിന്റണിൽ പി വി സിന്ധുവിന് ശേഷം മികച്ച വനിതാ താരങ്ങൾ ഉയർന്നുവരാത്തതിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
”1964-ൽ മിൽഖാ സിംഗ്, 80-കളിൽ പി.ടി. ഉഷ എന്നിവർക്ക് ശേഷം നിരവധി തവണയാണ് ഒളിമ്പിക്‌സിൽ ഇന്ത്യൻ താരങ്ങൾ നാലാമതെത്തിയിട്ടുള്ളത്. ടൂർണമെന്റുകളിലെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഫെഡറേഷനുകൾക്കും സർക്കാരിനും മേൽ പഴിചാരാൻ സാധിക്കില്ല. അവർ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്. മികച്ച പ്രകടനം പുറത്തെടുക്കേണ്ട ഉത്തരവാദിത്തം താരങ്ങൾക്കാണ്. കഠിനാധ്വാനം ചെയ്യുന്നുണ്ടോയെന്നതിൽ താരങ്ങൾ ആത്മപരിശോധന നടത്തേണ്ടതുണ്ട്. കാരണം താരങ്ങൾക്കെല്ലാം ഫിസിയോതെറാപിസ്റ്റുകളുടെ സേവനം നൽകുന്നുണ്ട്. മറ്റൊരു രാജ്യത്തിലെ താരങ്ങൾക്കും ഇത്രയധികം സൗകര്യങ്ങളുണ്ടെന്ന് ഞാൻ കരുതുന്നില്ല.-” പദുകോൺ പറഞ്ഞു.
വെങ്കല മെഡൽ പോരാട്ടത്തിൽ മലേഷ്യയുടെ ലീ സി ജിയോടാണ് ലക്ഷ്യ സെൻ തോൽവി വഴങ്ങിയത്. ആദ്യ ഗെയിം ആധികാരികമായി സ്വന്തമാക്കിയ താരം പിന്നീടുള്ള രണ്ട് ഗെയിമുകളും നഷ്ടപ്പെടുത്തി മത്സരം കൈവിട്ടു. സ്‌കോർ: 21-13, 16-21, 11-21.