അപൂർവയിനം സൂര്യമത്സ്യം (ഓഷ്യൻ സൺ ഫിഷ്) കരയ്ക്കടിഞ്ഞു. ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം വിഴിഞ്ഞം തീരത്താണ് അടിഞ്ഞത്. ഓഷ്യൻ സൺ ഫിഷ് അഥവാ കോമൺ മോള – മോള എന്നറിയപ്പെടുന്ന മത്സ്യത്തിന് 15 കിലോയിലേറെ തൂക്കം വരുമെന്ന് വിദഗ്ധർ പറഞ്ഞു.
കറുപ്പും ചാര നിറത്തിലുള്ള പൊട്ടുകളോടുമുള്ള നിറത്തിൽ പരന്ന് ഉരുണ്ട ശരീരപ്രകൃതമാണിതിന്. രണ്ട് ചിറകുകളും വലുപ്പമേറിയ കണ്ണുകളുമുണ്ട്. എന്നാൽ സൂര്യമത്സ്യത്തിന് വാലുകളില്ല. മുതുകിൽ മുള്ള് ഉള്ളിലേക്ക് വളഞ്ഞ് പല്ലുകൾ മൂടിയ തരത്തിലാണ് ചുണ്ടുള്ളത്. അതുകൊണ്ട് തന്നെ ഇവ ഒന്നിനെയും കടിക്കാറില്ല.
ഭീമാകാരമായ രൂപമാണെങ്കിലും കടലിലെ പാവത്താൻ എന്നാണറിയപ്പെടുന്നത്. ഒറ്റനോട്ടത്തിൽ തിരണ്ടിയുടെ രൂപത്തിനോട് സാദൃശ്യം തോന്നാം. പൂർണ വളർച്ചയെത്തിയാൽ 2,000 കിലോ വരെ വരും. എല്ലുകൾക്ക് ഭാരകൂടുതലും മാംസത്തിനും തൊലിക്കും കട്ടിയും കൂടുതലാണ്.
ജെല്ലിഫിഷുകളാണ് പ്രധാന ഭക്ഷണം. ഇതുവഴി കടലിന്റെ ആവാസ വ്യവസ്ഥയെ നിയന്ത്രിക്കുന്നതിൽ ഇതിന് പ്രധാന പങ്ക് വഹിക്കുന്നു. ഉൾക്കടലിലാണ് ഈ മത്സ്യത്തെ കൂടുതലും കാണപ്പെടുന്നത്. ഉഷ്ണമേഖല കാലവസ്ഥയിലും മിതോഷ്ണജലത്തിലുമാണ് കാണപ്പെടുന്നത്. കേരള തീരത്ത് വളരെ അപൂർവമായി മാത്രമാണ് ഇവയെ കാണാറുള്ളത്. ഭക്ഷണത്തിനായി ഉപയോഗിക്കാറുമില്ല. എന്നാൽ ജപ്പാൻ, കൊറിയ പോലുള്ള രാജ്യങ്ങളിൽ സൂര്യമത്സ്യത്തെ വിശിഷ്ട ഭക്ഷണമായി ഉപയോഗിക്കുന്നുണ്ട്.















