ചൂരൽമലയിലെ ദുരന്തഭൂമിയിൽ അഗ്നിരക്ഷാ സേനയുടെ കയറിൽ തൂങ്ങി രക്ഷാപ്രവർത്തനം നടത്തിയ ഡോക്ടറുടെ ചിത്രം നമ്മുടെ മനസിലുണ്ട്. മലപ്പുറം ചേളാരി സ്വദേശി ലവ്‌ന മുഹമ്മദാണ് ആ ഡോക്ടർ. കോഴിക്കോട് ആസ്റ്റർ മിംസിൽ ജോലി ചെയ്യുകയാണ് ഈ മിടുക്കി.
ഉരുൾപൊട്ടലുണ്ടായ ആദ്യ മണിക്കൂറിൽ കുത്തിയൊലിക്കുന്ന പുന്നപുഴയ്‌ക്ക് കുറുകെ റോപ്പിലൂടെയെത്തിയാണ് ഡോക്ടറും സംഘവും പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കിയത്. ഉയരം ജന്മനാൽ പേടിയാണെങ്കിലും തന്നാൽ ആകുന്നത് ചെയ്യണമെന്ന നിശ്ചയദാർഢ്യത്തിലാണ് പുഴയ്‌ക്ക് അക്കരെ കടക്കാൻ ഇവർ തീരുമാനിച്ചത്.
”രണ്ട് കരയിലും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുണ്ടായിരുന്നു. ദുരിതബാധിതരെ റോപ്പിലൂടെയായിരുന്നു മാറ്റിയിരുന്നത്. അവരിൽ പരിക്കേറ്റവരും ഉണ്ടായിരുന്നു. പ്രാഥമിക ശുശ്രൂഷ നൽകാൻ ഡോക്ടർ ഇല്ലെന്ന് അറിഞ്ഞതോടെയാണ് അക്കരയെത്തിയത്. ഫയർഫോഴ്‌സിൽ എനിക്ക് പൂർണവിശ്വാസമായിരുന്നു.” ലവ്‌ന പറഞ്ഞു.
കുത്തിയൊലിക്കുന്ന പുഴയ്‌ക്ക് കുറുകെ കെട്ടിയ റോപ്പ് വഴി വനിതാ ഡോക്ടർ മറുകരയിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ പിന്നീട് സാമൂഹികമാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു.















