മാദ്ധ്യമങ്ങളുടെ കണ്ണിൽ ഞങ്ങളില്ലാത്തതുകൊണ്ട് ഞങ്ങൾ വയനാട്ടിൽ ഇല്ലെന്ന് കരുതരുതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കഴിഞ്ഞ ഏഴ് ദിവസമായി വയനാടിനൊപ്പവും ദുരിതബാധിതരോടൊപ്പവുമുണ്ടെന്നും കണ്ണീരിനിടയിലും കണ്ണുനീർ തുടയ്‌ക്കുന്നതിന്റെ സംതൃപ്തിയാണ് തങ്ങൾക്കുള്ളതെന്നും കെ സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ദുരന്തമുഖം സന്ദർശിക്കുന്നതിന്റെ ചിത്രങ്ങളും വർഷങ്ങൾക്ക് മുമ്പ് ചൂരൽമലയെ കുറിച്ച് പ്രമുഖ പത്രം പുറത്തിറക്കിയ വാർത്താകുറിപ്പും അദ്ദേഹം പങ്കുവച്ചു.
പുത്തുമല ദുരന്തത്തിന് ശേഷം കേരള സർക്കാർ പുറത്തിറക്കിയ വിദഗ്‌ധ സമിതി റിപ്പോർട്ട് നമ്മുടെ മുന്നിലുണ്ടെന്നും അതിൽ പറഞ്ഞ ഒരു കാര്യവും സർക്കാർ നടപ്പിലാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അനധികൃത കയ്യേറ്റവും അതിരുവിട്ട ക്വാറിഗും വയനാട്ടിൽ തുടരുകയാണ്. ഓരോ ദുരന്തത്തിലും പിണറായി വിജയനും കമ്പനിയും മലയാളികളെ കബളിപ്പിക്കുന്നു. 1,617 കോടി രൂപ ദുരന്തനിവാരണത്തിന് മുമ്പുള്ള ദുരന്ത പ്രതിരോധത്തിന് ഇപ്പോഴും സംസ്ഥാന സർക്കാരിന്റെ കയ്യിലുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
“കഴിഞ്ഞ ഏഴ് ദിവസമായി ഞങ്ങൾ വയനാട്ടിലുണ്ട്. വയനാട്ടുകാരോടൊപ്പമുണ്ട്. മാദ്ധ്യമങ്ങളുടെ കണ്ണിൽ ഞങ്ങളില്ലാത്തതുകൊണ്ട് ഞങ്ങൾ ഇല്ലെന്ന് കരുതരുത്. ദുരിതത്തിൽ കഴിയുന്നവർക്കും ദുരന്തനിവാരണത്തിനിറങ്ങിയവർക്കുമായി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തു എന്ന ചാരിതാർത്ഥ്യം മാത്രമാണ് ഞങ്ങളുടെ സന്തോഷം. കണ്ണീരിനിടയിലും കണ്ണുനീർ തുടയ്ക്കുന്നതിന്റെ സംതൃപ്തി. ചൂരൽമലയിലും മുണ്ടക്കൈയിലും മൃതദേഹങ്ങൾക്ക് വേണ്ടിയുള്ള തെരച്ചിൽ അവസാന ഘട്ടത്തിലാണ്. ഇതിനിടയിൽ പുത്തുമലയിലെ ദുരന്തത്തിനിരയായ ഒരുപാടുപേരെ കാണാൻ കഴിഞ്ഞു.
അന്ന് വാഗ്ദനങ്ങൾ ലഭിക്കപ്പെട്ട പലരും ഇപ്പോഴും അതൊന്നും ലഭിക്കാതെ അശരണരായി കഴിയുന്നു എന്നതാണ് സത്യം. കവളപ്പാറയിലും പെട്ടിമുടിയിലും സ്ഥിതി വ്യത്യസ്തമല്ല. ആദ്യത്തെ ആവേശമൊന്നും സർക്കാരിന് പുനരധിവാസത്തിന്റെ കാര്യത്തിൽ പിന്നീടുണ്ടാവുന്നില്ല എന്നതാണ് സത്യം. ഇതേ ചൂരൽമലയിൽ 1984-ൽ ഉരുൾ പൊട്ടിയിരുന്നു. മരണസംഖ്യ കുറവായിരുന്നു എന്നത് ശരി. അന്ന് ഒരു പ്രമുഖ പത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനം ഇന്ന് ചില പത്രങ്ങളിലെങ്കിലും പുനപ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
പുത്തുമല ദുരന്തത്തിന് ശേഷം കേരളസർക്കാർ പുറത്തിറക്കിയ വിദഗ്‌ധ സമിതി റിപ്പോർട്ട് നമ്മുടെ മുന്നിലുണ്ട്. അതിൽ പറഞ്ഞ ഒരു കാര്യവും സർക്കാർ നടപ്പിലാക്കിയിട്ടില്ല. അനധികൃത കയ്യേറ്റവും അതിരുവിട്ട ക്വാറിഗും തുടരുകയാണ് വയനാട്ടിലെങ്ങും. ഭൂപേന്ദ്രയാദവിനെ ഭള്ളുപറയാൻ ഒരു സുഖമുണ്ട്. പക്ഷേ സത്യം സത്യമായി നിലനിൽക്കും. ഈ പോസ്റ്റിനടിയിൽ വന്ന് തെറി വിളിക്കുന്ന സുഡു കൊങ്ങികളോടും ഒരു കാര്യം പറയുന്നു. ഓരോ ദുരന്തത്തിലും പിണറായി വിജയനും കമ്പനിയും മലയാളികളെ കബളിപ്പിക്കുകയാണ്. 1,617 കോടി രൂപ ദുരന്തനിവാരണത്തിന് മുമ്പുള്ള ദുരന്തപ്രതിരോധത്തിന് ഇപ്പോഴും സംസ്ഥാന സർക്കാരിന്റെ കയ്യിലുണ്ട്. ഇതിൽ വെറും 6 കോടി രൂപ മാത്രമാണ് സർക്കാർ ഈ ദുരിതസമയത്തും വയനാടിനും നൽകിയിട്ടുള്ളത്.
പുത്തൂർ വയലിലെ ഒരു കോളനിയിൽ വന്ന് ആദിവാസി സഹോദരങ്ങളെ മാറ്റി പാർപ്പിക്കാൻ ഇതേ ദിവസം സുമനസായ ഒരു പൊലീസുകാരൻ പരിശ്രമിച്ചു എന്ന് ആ പൊലീസുദ്യോഗസ്ഥൻ തന്നെ നേരിട്ട് എന്നോട് പറയുകയുണ്ടായി. ചൂരൽമലയിലും മുണ്ടക്കൈയിലും ഒരു നടപടിയുമുണ്ടായില്ല. ഇരുപത് സെന്റി മീറ്ററിലധികം മഴ രേഖപ്പെടുത്തിയാൽ ഉരുൾപൊട്ടുമൊന്ന് മുന്നറിയിപ്പുണ്ടായിരുന്ന ഒരു പ്രദേശത്ത് മുന്നൂറ് സെന്റിമീറ്ററിലധികം മഴ പെയ്തിട്ടും ഒരു നടപടിയുമുണ്ടായില്ല.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകിയ ഇൻഡി മുന്നണിയുടെ വാർഡ് മെമ്പറാണ് ചൂരൽമലയിലുള്ളത്. അയാൾക്കും അവിടെ എല്ലാ പരിസ്ഥിതി നിയമങ്ങളും കാറ്റിൽപ്പറത്തി ഒരു ഹോം സ്റ്റേ നടത്താനാവുന്നു എന്നത് നാം കാണതിരുന്നു കൂടാ… അയാൾ വീടുവെച്ചു താമസിക്കുന്നതാവട്ടെ ഒരു കാലത്തും ഉരുൾപോട്ടില്ലെന്നുറപ്പുള്ള മേപ്പാടി ടൗണിലെ ഏറ്റവും സുരക്ഷിതമായ സ്ഥലത്തും. മലയാളി എല്ലാത്തിലും മേനി നടിക്കും എന്നാൽ എപ്പോഴും എല്ലാ കാലത്തും വഞ്ചിക്കപെടുന്നതും നമ്മൾ മലയാളികൾ തന്നെ. ഇത് കേരളമാണ് ഇവിടെ ഇതൊന്നും നടക്കില്ലെന്ന് നമുക്ക് ലോകത്തോട് എപ്പോഴും വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കാം”- കെ സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു.