എറണാകുളം: വാളയാർ കേസിന്റെ നടപടികൾ സിബിഐ കോടതിയിലേക്ക് മാറ്റാൻ അനുമതി നൽകി ഹൈക്കോടതി. പാലക്കാട് പോക്സോ കോടതിയിൽ നിലനിൽക്കുന്ന കേസ് മാറ്റാൻ അനുമതി തേടി സിബിഐയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് നിലവിൽ സിബിഐയാണ് അന്വേഷിക്കുന്നത്.
സിബിഐയുടെ ആവശ്യത്തിനെതിരെ വാളയാർ സഹോദരിമാരുടെ അമ്മയും കോടതിയെ സമീപിച്ചിരുന്നു. കേസന്വേഷണം സിബിഐ സംഘം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് ആക്ഷൻ കൗൺസിലും കോടതിയെ സമീപിച്ചു. ഈ ഹർജികൾ തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
2017-ലായിരുന്നു വാളയാർ സംഭവം നടന്നത്. 11, 9 വയസുള്ള പെൺകുട്ടികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിന്റെ അന്വേഷണ ചുമതലയുണ്ടായിരുന്ന എംജി സോജൻ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചുവെന്ന ആരോപണം ഉയർന്നിരുന്നു. ഈ വിഷയമാണ് കോടതിയുടെ പരിഗണനയിലുള്ളത്.