കൊല്ലം: കല്ലുവാതിക്കലിൽ കരിയില കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവത്തിൽ അമ്മ രേഷ്മയ്‌ക്ക് പത്ത് വർഷം തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ച് കോടതി. കൊല്ലം അഡീഷണൽ ഫസ്റ്റ് ക്ലാസ് കോടതിയുടേതാണ് വിധി.
നരഹത്യ, ജൂവൈനൽ ജസ്റ്റിസ് ആക്റ്റ് പ്രകാരം കുട്ടികളോട് കാണിക്കുന്ന ക്രൂരത തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് യുവതിക്കെതിരെ ശിക്ഷ വിധിച്ചത്. രേഷ്മ ഒരു വർഷം ജയിലിൽ കഴിഞ്ഞതിനാൽ 9 വർഷം കൂടി ശിക്ഷ അനുഭവിക്കണമെന്നാണ് വിധി.
ജനുവരി അഞ്ചിനാണ് കല്ലുവാതിക്കലിലെ വീട്ടുപറമ്പിൽ നിന്നും കരിയിലകൾക്കിടയിൽ നിന്ന് കുട്ടിയെ പൊലീസിനും ആരോഗ്യവകുപ്പിനും കിട്ടിയത്. നവജാതശിശുവിനെ ഉപേക്ഷിച്ചെന്ന യുവതിയുടെ പിതാവിന്റെ പരാതിയെ തുടർന്നായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. തുടർന്ന് രേഷ്മയെ ചോദ്യം ചെയ്തതോടെ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.















