ന്യൂഡൽഹി: സൈന്യത്തിന്റെ കർഫ്യു വകവയ്‌ക്കാതെയാണ് ധാക്കയിൽ പ്രക്ഷോഭം നടന്നതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. പ്രതിഷേധം രൂക്ഷമാകുന്ന സാഹചര്യം മുൻനിർത്തി ഷെയ്ഖ് ഹസീന രാജി വയ്‌ക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയിലേക്ക് പെട്ടന്ന് വരണമെന്ന് ഷെയ്ഖ് ഹസീന അറിയിക്കുകയായിരുന്നുവെന്നും എസ് ജയശങ്കർ പറഞ്ഞു. ബംഗ്ലാദേശിലെ നിലവിലെ രാഷ്‌ട്രീയ സാഹചര്യം ചർച്ച ചെയ്യാൻ സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
” കർഫ്യു ലംഘിച്ചാണ് ഓഗസ്റ്റ് 5-ാം തീയതി ധാക്കയിൽ പ്രതിഷേധക്കാർ ഒത്തുകൂടിയത്. ന്യൂനപക്ഷങ്ങൾ ബംഗ്ലാദേശിൽ ആക്രമിക്കപ്പെടുകയാണ്. നിലവിലെ സാഹചര്യം മോശമായതിനാൽ ഷെയ്ഖ് ഹസീന രാജി വയ്‌ക്കാൻ തയ്യാറാവുകയും ഇന്ത്യയിലേക്ക് വരണമെന്ന് അറിയിക്കുകയുമായിരുന്നു. ഇന്നലെ വൈകുന്നേരം അവർ ഡൽഹിയിലെത്തി.”- എസ് ജയശങ്കർ പറഞ്ഞു.
ബംഗ്ലാദേശിൽ നിന്ന് വിദ്യാർത്ഥികളടക്കം ഒരു സംഘം ഇന്ത്യയിലേക്ക് മടങ്ങി എത്തിയിട്ടുണ്ട്. പ്രതിഷേധം കെട്ടടങ്ങി സാധാരണ നിലയിലേക്ക് ബംഗ്ലാദേശ് മടങ്ങി വരുമെന്ന് പ്രതീക്ഷിക്കാമെന്നും എസ് ജയശങ്കർ കൂട്ടിച്ചേർത്തു. ബംഗ്ലാദേശിലെ ഇന്ത്യൻ സമൂഹവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
#WATCH | Speaking in Rajya Sabha on the situation in Bangladesh, External Affairs Minister Dr S Jaishankar says, “…On 5th August, demonstrators converged in Dhaka despite the curfew. Our understanding is that after a meeting with leaders of the security establishment, Prime… https://t.co/Z9AfVaoYsJ
— ANI (@ANI) August 6, 2024
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം ദൃഢമാണ്. അതിനാൽ ബംഗ്ലാദേശിനാവശ്യമായ സഹായങ്ങൾ നൽകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധരാണ്. തെരഞ്ഞെടുപ്പ് സമയം മുതൽ ബംഗ്ലാദേശിൽ പ്രതിഷേധങ്ങളുയർന്നിരുന്നു. പിന്നീട് സംവരണ വിരുദ്ധ പ്രക്ഷോഭക്കാർ പ്രതിഷേധം ആളിപടർത്തുകയായിരുന്നുവെന്നും സുപ്രീം കോടതി ഇടപെട്ടെങ്കിലും പ്രതിഷേധം അവസാനിച്ചില്ലെന്നും എസ് ജയശങ്കർ പറഞ്ഞു.















