ധാക്ക: സംവരണ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് അറസ്റ്റിലായ പ്രവർത്തകർക്ക് ജാമ്യം അനുവദിച്ച് ധാക്ക കോടതി. ബിഎൻപിയുടെയും ജമാഅത്ത് ഇസ്ലാമിയുടെയും 1,000ലധികം പ്രവർത്തകർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ബിഎൻപി സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ അമീർ ഖോസ്രു മഹ്‌മൂദ് ചൗധരി ഉൾപ്പെടെയുള്ളവർക്കാണ് ജാമ്യം.
പ്രതികളുടെ ജാമ്യത്തിനായി നേരത്തെ ധാക്ക മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ പ്രവർത്തകർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഇത് പരിഗണിച്ച ധാക്ക കോടതി പ്രതിഷേധക്കാർക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. ബിഎൻപി സീനിയർ ജോയിന്റ് സെക്രട്ടറി ജനറൽ റൂഹുൽ കബീർ റിസ്വി, ജമാഅത്ത് ഇസ്ലാമി സെക്രട്ടറി ജനറൽ മിയ ഗോലം പർവാർ, ബിഎൻപി ചെയർപേഴ്സൻ സ്‌പെഷ്യൽ അസിസ്റ്റന്റ് ഷംസൂർ റഹ്‌മാൻ, ധാക്ക മെട്രോപൊളിറ്റൻ നോർത്ത് ബിഎൻപി കൺവീനർ സെയ്ഫുൾ ആലം നിരോബ് എന്നിവരാണ് കേസിലെ മറ്റ് മുഖ്യ പ്രതികൾ.
ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജി വച്ചെങ്കിലും ബംഗ്ലാദേശിൽ അരക്ഷിതാവസ്ഥ തുടരുകയാണ്. സംവരണ വിരുദ്ധ പ്രക്ഷോഭക്കാർ ഹസീനയുടെ വസതി കൊള്ളയടിക്കുകയും വസ്തുക്കൾ നശിപ്പിക്കുകയും ചെയ്തു. നിരവധി ക്ഷേത്രങ്ങൾ തകർക്കപ്പെട്ട നിലയിലാണ്. ബംഗ്ലാദേശിലെ ഇന്ത്യൻ സമൂഹത്തോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് വിദേശകാര്യമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.