ലോകത്തെ ആദ്യ കമ്പ്യൂട്ടറിനെക്കുറിച്ച്..

ഗ്രഹണ നിർണയത്തിനും ജ്യോതിശാസ്ത്രപരമായ നിരീക്ഷണങ്ങൾക്കും ഗ്രീക്ക് ശാസ്ത്രജ്ഞർ ഉപയോഗിച്ചിരുന്ന പുരാതന അനലോഗ് കമ്പ്യൂട്ടറാണ് ആന്റികീതെറ മെക്കാനിസം (Antikythera mechanism). 2,000 വർഷം പഴക്കമാണിതിന് കണക്കാക്കുന്നത്. ലോകത്തെ ഏറ്റവും പുരാതരമായ അനലോഗ് കമ്പ്യൂട്ടറായി ഇതിനെ വിശേഷിപ്പിക്കുന്നു. ആന്റികീതെറ എന്ന ഗ്രീക്ക് ദ്വീപുകളുടെ സമീപം കണ്ടെത്തിയ കപ്പലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 1901ലാണ് ഇത് കണ്ടെടുക്കുന്നത്.
സൂര്യൻ, ചന്ദ്രൻ, മറ്റ് ഗ്രഹങ്ങൾ എന്നിവയുടെ ചലനം നിരീക്ഷിക്കാൻ ഇതിന് കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഈ കമ്പ്യൂട്ടർ ഒരു കലണ്ടറായും പ്രവർത്തിച്ചു. വാനനിരീക്ഷണം വിദഗ്ധമായി രേഖപ്പെടുത്തിയിരുന്നതിനാൽ ഗ്രഹണ സമയം കണക്കാക്കുന്നതിലും ഈ അനലോഗ് കമ്പ്യൂട്ടർ മികച്ചതായിരുന്നു. ബിസി 150 – 100 കാലത്ത് ഗ്രീക്ക് വാനനിരീക്ഷികരാണ് ഇത് നിർമിച്ചതെന്നാണ് കരുതപ്പെടുന്നത്.
ദ്വീപ് തീരത്ത് പവിഴപ്പുറ്റുകൾ തേടി നടന്ന നീന്തൽ വിദഗ്ധരായിരുന്നു കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനിടയായത്. ഇവ പരിശോധിച്ചപ്പോൾ നിരവധി അപൂർവ വസ്തുക്കളും നാണയങ്ങളും ആഭരണങ്ങളും അവർ കണ്ടെത്തി. ഇതിന് പിന്നാലെയാണ് കമ്പ്യൂട്ടർ കണ്ടെടുക്കുന്നത്.
നിലവിൽ Antikythera മെക്കാനിസം 82 വിവിധ കഷ്ണങ്ങളായാണ് ഗവേഷകർ സൂക്ഷിച്ചിരിക്കുന്നത്. യഥാർത്ഥ ശിലയുടെ ചെറിയൊരു ഭാഗം മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ. എന്നാൽ ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിൽ നിന്നുള്ള ഗവേഷകർ Antikythera മെക്കാനിസത്തിന്റെ പൂർണരൂപം 3ഡി രൂപത്തിൽ പുഃനസൃഷ്ടിച്ചിരിക്കുകയാണ്. 2,000 വർഷങ്ങൾക്ക് മുൻപ് എങ്ങനെയായിരിക്കും ഈ കമ്പ്യൂട്ടർ വർക്ക് ചെയ്തിട്ടുണ്ടാവുകയെന്നതിന്റെ ഏകദേശ വ്യാഖ്യാനമാണ് ഗവേഷകർ പുറത്തുവിട്ടിരിക്കുന്നത്. അതിബുദ്ധിമാനായ പ്രതിഭയുടെ സൃഷ്ടിയാണ് Antikythera മെക്കാനിസമെന്നും അവർ വിശേഷിപ്പിക്കുന്നു.
















