കാപ്പി കുടിച്ചാൽ പ്രത്യേക ഉന്മേഷമാണെന്ന് പലരും പറയുന്നത് നമ്മൾ കേട്ടിരിക്കും. രാത്രി അധിക സമയം ഇരുന്ന് ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്നവരും കൂടുതലായി ആശ്രയിക്കുന്നത് കാപ്പിയെ തന്നെയാണ്. എന്നാൽ കടുപ്പമേറുമ്പോൾ കാപ്പിക്ക് സ്വാഭാവികമായി കയ്പ്പ് അനുഭവപ്പെടാറുണ്ട്. ഇത് ഇഷ്ടമില്ലാത്തവർ ആവശ്യത്തിലധികം പഞ്ചസാരയിട്ട് കാപ്പി കുടിക്കുന്നു. എന്നാൽ കാപ്പിയിൽ നിന്ന് പഞ്ചസാരയെ ഒഴിവാക്കി നിർത്താനാണ് വിദഗ്ധർ പറയുന്നത്. കാരണം അറിയാം..
ഹൃദയത്തിനും കരളിനും ഉത്തമം
കരൾ രോഗങ്ങൾ കുറയ്‌ക്കുന്നതിന് മധുരമില്ലാത്ത കാപ്പി ശീലമാക്കാം. പഞ്ചസാര ഒഴിവാക്കി കാപ്പി കുടിക്കുന്നത് കരളിനും ഹൃദയത്തിനും നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഹൃദ്രോഗങ്ങളെ അകറ്റി നിർത്തുന്നതിനും ഇത് സഹായിക്കുന്നു. മധുരമില്ലാത്ത കട്ടൻ കാപ്പി കുടിക്കുന്നത് സമ്മർദ്ദം അകറ്റാൻ നല്ലതാണെന്നും ഇതിലൂടെ ഉന്മേഷം വർദ്ധിപ്പിക്കാൻ സാധിക്കുമെന്നും വിദഗ്ധർ പറയുന്നു.
ഓർമ്മ ശക്തി വർദ്ധിപ്പിക്കാം
മധുരമിടാതെ കട്ടൻ കാപ്പി കുടിക്കുന്നത് ഓർമ്മ ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന കഫൈൻ എന്ന പദാർത്ഥം മനസിനെ എപ്പോഴും സജീവമാക്കി ഊർജസ്വലതയോടെ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്നു.
പ്രമേഹം കുറയ്‌ക്കാം
പ്രമേഹം വർദ്ധിപ്പിക്കുന്നതിന് മുഖ്യ പങ്കും വഹിക്കുന്നത് പഞ്ചസാരയാണെന്ന് നമുക്കറിയാം. ഇത് ഒഴിവാക്കി കാപ്പി കുടിക്കുകയാണെങ്കിൽ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്‌ക്കുന്നു. ഭാരം കുറയ്‌ക്കാനും പഞ്ചസാര ഇടാത്ത കാപ്പി കുടിക്കുന്നത് സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.















