റിയാദ്: തൊഴിൽ നിയമത്തിലെ ഭേദഗതിക്ക് സൗദി മന്ത്രിസഭയുടെ അംഗീകാരം. സൗദി വിഷൻ 2030-ന്‍റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി കൂടുതൽ ആകർഷകമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനും സുസ്ഥിര വികസനം കൈവരിക്കാനും ലക്ഷ്യമിട്ടാണ് ഭേദഗതി. നിയമങ്ങളിലെ മാറ്റം തൊഴിലാളികൾക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
രാജ്യത്തെ തൊഴിൽ വിപണി മെച്ചപ്പെടുത്തുക, തൊഴിൽ സ്ഥിരത വർധിപ്പിക്കുക, കരാർ ജോലിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുക, സർക്കാർ സേവനത്തിലെ മനുഷ്യശേഷി വികസിപ്പിക്കുക, തൊഴിലാളികൾക്ക് പരിശീലന അവസരങ്ങൾ വർധിപ്പിക്കുക, എല്ലാ പൗരന്മാർക്കും തൊഴിലവസരങ്ങൾ കൂട്ടുക എന്നീ ലക്ഷ്യങ്ങളോയാണ് തൊഴിൽ നിയമത്തിലെ വിപുലമായ ഭേദഗതികൾക്ക് സൗദി മന്ത്രിസഭ അംഗീകാരം നൽകിയത്. ഈ ഭേദഗതികളിൽ തൊഴിലാളികളുടെ പരാതികൾക്കും രാജിക്കുമുള്ള നടപടിക്രമങ്ങളിലെ മാറ്റങ്ങൾ, അവധിക്കാലത്തെയും കരാർ ജോലികളെയും കുറിച്ചുള്ള വിശദമായ വ്യവസ്ഥകൾ എന്നിവ ഉൾപ്പെടുന്നു.
തൊഴിലാളിയുടെ സഹോദരനോ സഹോദരിയോ മരിച്ചാൽ തൊഴിലാളിക്ക് 3 ദിവസത്തേക്ക് ശമ്പളത്തോടുകൂടിയ അവധിയും നൽകണം. പ്രസവാവധി 12 ആക്കി വർധിപ്പിച്ചു. തൊഴിൽ കരാർ അവസാനിപ്പിക്കണമെങ്കിൽ തൊഴിലാളി മുപ്പത് ദിവസത്തിന് മുൻപ് നോട്ടീസ് നൽകണം. തൊഴിലുടമ അറുപത് ദിവസം മുൻപാണ് നോട്ടീസ് നൽകേണ്ടത്. പ്രൊബേഷൻ പിരീഡ് ഒരു കാരണവശാലും 180 ദിവസത്തിലേറെയാകാൻ പാടില്ല. ഓവർടൈം സമയത്തേക്ക് തൊഴിലാളിക്ക് നൽകേണ്ട വേതനത്തിന് പകരം ശമ്പളത്തോടുകൂടിയ അവധി ലഭിക്കാൻ സമ്മതിക്കുന്നതിനുള്ള സാധ്യതയും പരിഷ്കാരത്തിൽ ഉൾപ്പെടുത്തി.













