ഗാസ: ഇറാനിലെ ടെഹ്‌റാനിൽ വച്ച് ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടതിന് പിന്നാലെ പുതിയ നേതാവിനെ പ്രഖ്യാപിച്ച് ഹമാസ്. ഗാസ സ്ട്രിപ്പ് ചീഫ് യഹിയ സിൻവറിനെയാണ് പുതിയ നേതാവായി ഹമാസ് തിരഞ്ഞെടുത്തിരിക്കുന്നത്. ഹമാസ് പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. ഹനിയ കൊല്ലപ്പെട്ട് ഒരാഴ്ച തികയുന്നതിന് മുൻപാണ് പുതിയ നേതാവ് സ്ഥാനമേൽക്കുന്നത്.
യഹിയ സിൻവർ സ്ഥാനമേറ്റ പ്രഖ്യാപനം വന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ ഗാസ മുനമ്പിൽ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റുകൾ തൊടുത്തുവിട്ടതായി ഹമാസിന്റെ ഇസ്സദ്ദീൻ അൽ ഖസം ബ്രിഗേഡ്‌സ് അറിയിച്ചു. ഒക്ടോബർ 7ന് ഇസ്രായേലിന് നേരെയുണ്ടായ ആക്രമണങ്ങളുടെ സൂത്രധാരന്മാരിൽ ഒരാളാണ് സിൻവറെന്ന് ഇസ്രായേൽ സൈന്യം ആരോപിച്ചു.
23 വർഷത്തോളം ഇസ്രായേൽ ജയിലിൽ തടങ്കലിലായിരുന്നു സിൻവർ. 2011ൽ ഹമാസ് ബന്ദിയാക്കിയ ഫ്രഞ്ച്-ഇസ്രായേൽ സൈനികൻ ഗിലാദ് ഷാലിറ്റിനെ മോചിപ്പിക്കുന്നതിന് പകരമായി സിൻവറിനെ വിട്ടയയ്‌ക്കുകയായിരുന്നു. അതേസമയം ഹമാസ് എന്ന ഭീകര സംഘടനയെ ഭൂമിയിൽ നിന്ന് എത്രയും വേഗം തുടച്ചുനീക്കുന്നതിന് മറ്റൊരു കാരണം കൂടി കണ്ടെത്തിയതായി ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് പറഞ്ഞു. യഹിയ സിൻവറിനെ ഇല്ലാതാക്കുമെന്നും കാറ്റ്‌സ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.