ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ധാക്കയിലേക്കുള്ള ഷെഡ്യൂൾ ചെയ്ത സർവീസുകൾ ഇന്ന് നടത്താൻ എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാന കമ്പനികൾ. ബംഗ്ലാദേശ് തലസ്ഥാനത്ത് നിന്ന് ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടുവരാൻ പ്രത്യേക സർവീസുകൾ നടത്തുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ബുധനാഴ്ച ധാക്കയിലേക്ക് ഷെഡ്യൂൾ ചെയ്ത സർവീസുകൾ നടത്തുമെന്ന് ഇൻഡിഗോയും വിസ്താരയും അറിയിച്ചു. ഇന്നലെ വൈകിട്ട് എയർ ഇന്ത്യ വിമാനം ധാക്കയിലേക്ക് സർവീസ് നടത്തിയിരുന്നു. ബംഗ്ലാദേശിൽ തുടരുന്ന കാലാപത്തെയും രാഷ്ട്രീയ അസ്ഥിരതയെയും തുടർന്ന് ഇന്ത്യയിൽ നിന്നും ധാക്കയിലേക്കുള്ള എല്ലാ വിമാനസർവീസുകളും ഓഗസ്റ്റ് 6 വരെ അടിയന്തരമായി റദ്ദാക്കിയിരുന്നു.
സർവീസുകൾ റദ്ദാക്കിയതിനു പിന്നാലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഓഗസ്റ്റ് 4 നും 7 നും ഇടയിൽ ധാക്കയിലേക്കും തിരിച്ചുമുള്ള ഏതെങ്കിലും വിമാനങ്ങളിൽ ബുക്കിംഗ് സ്ഥിരീകരിച്ചിട്ടുള്ള യാത്രക്കാർക്ക് ഷെഡ്യൂൾ ചെയ്യുന്നതിൽ ഒറ്റത്തവണ ഇളവ് നൽകുമെന്നും എയർ ഇന്ത്യ ഇറക്കിയ പ്രസ്താവനയിൽ അറിയിച്ചിരുന്നു.















