ന്യൂഡൽഹി: കലാപത്തെ തുടർന്ന് രാജ്യം വിട്ട് ഇന്ത്യയിൽ കഴിയുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എവിടെയും അഭയം തേടിയിട്ടില്ലെന്ന് മകൻ. ഹസീന ഇംഗ്ലണ്ടിലോ യുഎസിലോ അഭയം തേടുമെന്ന ഊഹാപോഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് മകൻ സജീബ് വസേദിന്റെ പ്രതികരണം.
76 കാരിയായ ഹസീന രാഷ്‌ട്രീയം വിടാൻ ഒരുങ്ങുമ്പോഴാണ് ഈ സംഭവ വികാസങ്ങളെന്നും അതുകൊണ്ട് തന്നെ ഇനിയൊരു മടങ്ങിപ്പോക്ക് ഉണ്ടാവില്ലെന്നും കുടുംബത്തോടൊപ്പം ഹസീന കൂടുതൽ സമയം ചെലവഴിക്കുമെന്നുമാണ് വാഷിംഗ്ടണിൽ സ്ഥിരതാമസക്കാരനായ സജീബ് വസേദ് പറയുന്നത്.
ഷെയ്ഖ് ഹസീന യുകെയിൽ അഭയം തേടിയേക്കുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ വക്തികൾക്ക് താത്ക്കാലിക അഭയം നൽകുന്നതിന് രാജ്യത്തിന്റെ കുടിയേറ്റ നിയമത്തിൽ വ്യവസ്ഥകളില്ലെന്നും അതിനാൽ എവിടെയാണോ സുരക്ഷിതമായി തോന്നുന്നത് അവിടെ തന്നെ തുടരണമെന്നുമുള്ള നിലപാടാണ് യുകെ ആഭ്യന്തരവകുപ്പ് സ്വീകരിച്ചത്.
യുഎസും ഫിൻലാൻഡും ഇക്കൂട്ടത്തിൽ ഉയർന്നുവന്ന പേരുകളാണ്. എന്നാൽ ഔദ്യോഗികമായ ഒരു സ്ഥിരീകരണവും ഇക്കാര്യത്തിൽ വന്നിട്ടിട്ടല്ല. യുഎസുമായി അത്തരം ചർച്ചകൾ നടന്നിട്ടില്ലെന്നും ഹസീനയുടെ മകൻ വ്യക്തമാക്കുന്നു. നിലവിൽ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സംരക്ഷണയിലാണ് അവർ കഴിയുന്നത്.















